SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

ചന്തേര എം.ഡി.എം.എ കേസ്: എസ്.ഐ.ടി 'വമ്പൻ സ്രാവിന്‌' പിന്നാലെ

mdma
ഇൻഡോറിൽ നിന്ന് പിടികൂടിയ 2 പ്രതികളെ എസ്.ഐ.ടി ചന്തേരയിൽ എത്തിച്ചപ്പോൾ.

ചന്തേര: കാലിക്കടവ് അതിർത്തിയിലെ ദേശീയപാതയിൽ നിന്ന് ലക്ഷങ്ങളുടെ മയക്കുമരുന്നുമായി പിടിയിലായ എറണാകുളം സംഘത്തിനു പിന്നാലെ അറസ്റ്റുചെയ്ത പ്രതികൾക്കെല്ലാം അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ 'വമ്പൻ സ്രാവിനെ' വലയിലാക്കാനുള്ള കെണിയൊരുക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. അന്താരാഷ്ട്ര തലത്തിൽ എം.ഡി.എം.എ മയക്കുമരുന്ന് ലോബിയെ നിയന്ത്രിക്കുന്ന പ്രധാനിയെ പിടികൂടാൻ കഴിഞ്ഞാൽ ചന്തേര കേസിൽ അന്വേഷണം പൂർത്തിയാകും.

എന്നാൽ മയക്കുമരുന്ന് സംഘത്തിന്റെ തലവനെ വീഴ്‌ത്തുക അത്ര എളുപ്പമല്ലെന്ന് എസ്.ഐ.ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് നല്ല ബോധ്യമുണ്ട്. സ്വന്തം നിലയിൽ അതിന് കഴിയാതെ വന്നാൽ പ്രമുഖനെ പൂട്ടാൻ മറ്റ് കുറ്റാന്വേഷണ ഏജൻസികളുടെ സഹായം തേടേണ്ടിവരുമെന്നും വിലയിരുത്തുന്നു.

കേസിൽ അറസ്റ്റിലായ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി ബന്ധമുള്ള അമ്പലത്തറ പാറപ്പള്ളി സ്വദേശി കെ. മുഹമ്മദ് സാബിറിൽ (33) നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യ ഇടനിലക്കാരി ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനിയും കൊൽക്കൊത്തയ്ക്ക് സമീപത്തെ ഹൗറയിൽ താമസക്കാരിയുമായ റിയ ഖാൻ എന്ന സാത്തി ഷേഖിനെ(31)യും കേരളത്തിലെ എം.ഡി.എം.എ ശൃഖലയുടെ പ്രധാനി ഘാന സ്വദേശി വിക്ടർ ദസാബയെ കൊല്ലത്ത് വെച്ചും പിടികൂടിയിരുന്നു. സാത്തി ഷേഖിന്റെ ആൺ സുഹൃത്തും സംഘത്തിലെ കൂട്ടാളിയുമായ ഉത്തർപ്രദേശ് സ്വദേശി വിഷ്ണുകുമാറിനെ (26) ഇൻഡോറിൽ വെച്ചും എസ്.ഐ.ടി സംഘം പിടികൂടിയിരുന്നു. ഇതോടെയാണ് ലഹരി കടത്തിന്റെ പ്രധാനിയിലേക്ക് അന്വേഷണ സംഘം എത്തിച്ചേർന്നത്. സാത്തി ഷേഖിനെയും വിഷ്ണുകുമാറിനെയും ശനിയാഴ്ച പുലർച്ചെ ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തിച്ച്, എസ്.ഐ.ടി സംഘത്തലവൻ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.വി അനിൽകുമാറിന്റെയും നീലേശ്വരം സി.ഐ കെ. പ്രശാന്തിന്റെയും നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു മൊഴിയെടുത്തിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് നേതാക്കൾ കാരിയർമാർ

കാസർകോട് ജില്ലാ പൊലീസ് മേധാവി നിധിൻരാജിന്റെ മേൽനോട്ടത്തിലാണ് എസ്.ഐ.ടി മയക്കുമരുന്ന് വേട്ടയിൽ കൂടുതൽ മുന്നോട്ടുപോയത്. ഈ കേസിൽ എത്ര ദൂരം പോയാലും മുഴുവൻ കണ്ണികളെയും പൂട്ടണമെന്ന് ആഭ്യന്തരവകുപ്പിന്റെ പ്രത്യേക നിർദ്ദേശവുമുണ്ട്. അതേസമയം കാലിക്കടവിൽ ആഗസ്റ്റ് ഒമ്പതിന് രാവിലെ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അടക്കമുള്ള മൂന്ന് പ്രതികളും എം.ഡി.എം.എ ആവശ്യക്കാർക്ക് പറഞ്ഞ സ്ഥലത്ത് എത്തിക്കാൻ ചുമതലയുണ്ടായിരുന്നവർ മാത്രമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്. ഓരോരുത്തർക്കും പതിനായിരം രൂപയാണ് കൂലി ഓഫർ നൽകിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL