SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.32 AM IST

താഴും താക്കോലുമില്ലാതെ മലയാളം ഓപ്പൺ ലൈബ്രറി

libra
മലയാളം ഓപ്പൺ ലൈബ്രറിയിൽ നടന്നുവരുന്ന സായാഹ്ന സദസിൽ നിന്ന്

കൂത്തുപറമ്പ്: ഇഷ്ടപ്പെട്ട ഒരു പുസ്തകം എടുക്കാൻ വായനശാലയിലെത്തുമ്പോൾ വാതിൽ പൂട്ടിക്കിടക്കുന്നതും ഭാരവാഹികളോ ലൈബ്രേറിയനോ എത്തുന്നതുവരെ കാത്തുനിൽക്കേണ്ട അവസ്ഥയും സാധാരണമാണ്. എന്നാൽ ഈ പതിവുകളെയെല്ലാം തിരുത്തിക്കുറിക്കുകയാണ് ചിറ്റാരിപ്പറമ്പിലെ മലയാളം ഓപ്പൺ ലൈബ്രറി.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇത് ഒരു തുറന്ന ഗ്രന്ഥശാലയാണ്. താഴും താക്കോലുമില്ല, ലൈബ്രേറിയനില്ല, അംഗത്വ ഫീസില്ല. ഏത് സമയത്തും എത്തുന്ന വായനക്കാർക്ക് ഇഷ്ടപ്പെട്ട പുസ്തകം സ്വയം തിരഞ്ഞെടുത്ത് രജിസ്റ്ററിൽ രേഖപ്പെടുത്തി വീട്ടലേക്ക് കൊണ്ടുപോകാം. രണ്ടാഴ്ചയ്ക്കുശേഷം തിരികെ എത്തിച്ച് മടക്കിയ തീയതിയും രേഖപ്പെടുത്തിയാൽ മതി. വായനയെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇവിടെ.
2022 ജനുവരി രണ്ടിനാണ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. പ്രത്യേക പ്രവർത്തനപരിധികളൊന്നുമില്ല. ഏത് പ്രദേശത്തുള്ളവർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ വായനയ്ക്കായി കൊണ്ടുപോകാം. ദിവസേന ഇരുപതിലധികം പേർ ലൈബ്രറി സന്ദർശിക്കുന്നുണ്ട്. വിദ്യാർത്ഥികളാണ് കൂടുതൽ.
ഏകദേശം 3,500ഓളം വ്യത്യസ്ത പുസ്തകങ്ങളുടെ ശേഖരമുണ്ട്. അപൂർവമായി ലഭിക്കുന്ന സർവകലാശാല ഗവേഷണ പ്രബന്ധങ്ങളുടെ ശേഖരവും പ്രത്യേകതയാണ്. ഡിഗ്രി, പി.ജി. വിദ്യാർത്ഥികളുടെ പ്രോജക്ട് പ്രവർത്തനങ്ങൾക്കും ഗവേഷക വിദ്യാർത്ഥികളുടെ റഫറൻസ് പഠനങ്ങൾക്കും ഇവ ഏറെ സഹായകം.

കാലടി സർവകലാശാല പയ്യന്നൂർ കേന്ദ്രത്തിലെ മലയാളം വിഭാഗം തലവൻ ഡോ. കുമാരൻ വയലേരിയുടെ ആശയത്തിൽ നിന്നാണ് തുറന്ന ഗ്രന്ഥശാലയുടെ ജനനം. വിനോദ് തൊടീക്കളം സെക്രട്ടറിയും ജയരാജൻ മുടപ്പത്തൂർ പ്രസിഡന്റുമായ ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


സാംസ്‌കാരിക കേന്ദ്രവും
വായനശാല മാത്രമല്ല, സാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രം കൂടിയാണ് ഓപ്പൺ ലൈബ്രറി. വനിതാ ഫോറം, സ്റ്റുഡന്റ്സ് വിംഗ്, പബ്ലക്കേഷൻ വിഭാഗം, ഡി.ടി.പി. സെന്റർ എന്നിവ ഇതോടൊപ്പം പ്രവർത്തിക്കുന്നു. പബ്ലിക്കേഷൻ വിഭാഗം ഇതിനകം ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചതുർഭാഷാ നിഘണ്ടുവിന്റെ കർത്താവായ ഞാറ്റ്യേല ശ്രീധരന്റെ ആത്മകഥ 'ഓർമ്മകളുടെ തിറയാട്ടം' പ്രസിദ്ധീകരിച്ചതും ലൈബ്രറി പബ്ലിക്കേഷൻ വിഭാഗമാണ്. എല്ലാ ആഴ്ചയിലും സായാഹ്ന സദസ്സുകളുടെ രൂപത്തിൽ സാഹിത്യസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. നൂറോളം പേർക്ക് ഇരിക്കാവുന്ന വിശാലമായ ഹാളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. മഴയാത്ര, പഠനയാത്ര, വയോജനയാത്ര തുടങ്ങിയ വിനോദയാത്രകളും ഒരുക്കാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LIBRARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL