പന്നിയെ വെടിവെച്ച് കൊന്നു
ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി അത്തിക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. മേനമ്പടത്ത് ടോമിയുടെ ഭാര്യ സുജാത (52) യ്ക്കാണ് പരിക്കേറ്റത്. കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സുജാതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10 മണിയോടെ വീടിനോട് ചേർന്ന സ്വന്തം കൃഷിയിടത്തിൽ കപ്പ പറിക്കാൻ എത്തിയപ്പോഴായിരുന്നു പന്നിയുടെ ആക്രമണം. സമീപത്തെ കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന കാട്ടുപന്നി സുജാതയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ കഴുത്തിലാണ് ആഴത്തിൽ മുറിവേറ്റിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി കാട്ടുപന്നിയെ മേഖലയിൽ കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് ആലാംപള്ളി എന്നിവർ പന്നിയെ വെടിവെച്ചുകൊല്ലാൻ തീരുമാനിച്ചു. ആക്രമണം നടന്നതിനു സമീപത്തായി പന്നി ഉണ്ടെന്ന് മനസ്സിലാക്കിയതോടെ പഞ്ചായത്തിന്റെ ഷൂട്ടർമാരായ കുര്യൻ കൈപ്പനാനിക്കൽ, ജോബി സെബാസ്റ്റ്യൻ, പി.എം. മാത്യു എന്നിവർ സ്ഥലത്തെത്തി പന്നിയെ വെടിവെയ്ക്കുകയായിരുന്നു. സംഭവം അറിഞ്ഞ് വനം വകുപ്പും, എസ്ഐ എൻ. രാജീവന്റെ നേതൃത്വത്തിൽ ആറളം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വെടിവെച്ചുകൊന്ന പന്നിയെ നിയമ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു.
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ സുജാതയ്ക്ക്, വനം വകുപ്പ് ചികിത്സ സഹായം ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം. പ്രദേശങ്ങളിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ സ്ഥലം ഉടമകൾ വെട്ടിത്തെളിക്കണം. പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെയ്ക്കുന്നതിനായി ഒമ്പത് ഷൂട്ടർമാർക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. അക്രമകാരികളായ കാട്ടുപന്നികളെ കണ്ടെത്തിയാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം.
വി. ശോഭ, ആറളം പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |