SignIn
Kerala Kaumudi Online
Friday, 18 September 2026 5.51 AM IST

പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തേക്ക്, നാട്ടിൽ ഭീതി 

rajavembal-
കണ്ണവത്ത് സലീമിന്റെ വീടിന്റെ സിറ്റൗട്ടില്‍ രാജവെമ്പാല

താവക്കരയിൽ നടുറോഡിൽ മൂർഖൻ

കണ്ണവത്ത് വീടിന്റെ സിറ്റൗട്ടിൽ രാജവെമ്പാല

പൊക്കുണ്ടിലെ വീട്ടിൽ അണലിയും മൂർഖനും

കണ്ണൂർ: ജില്ലയിൽ പാമ്പുകൾ പെരുകുന്നതായി കണക്കുകൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 20പതിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വിഷപ്പാമ്പുകളായ രാജവെമ്പാല, അണലി, മൂർഖൻ തുടങ്ങിയവ ജനവാസ മേഖലയിലേക്ക് കടന്നുകയറാനുള്ള സാദ്ധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പ്.

കണ്ണൂർ നഗരത്തിലെ തിരക്കേറിയ താവക്കര ബസ് സ്റ്റാൻഡ് റോഡിന് നടുവിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് മൂർഖനെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകനായ രഞ്ജിത്ത് നാരായണനെത്തി മൂർഖനെ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു. താവക്കരയിലെ ചതുപ്പിൽ നിന്ന് റോഡിലേക്ക് കയറി വന്നതാണ് മൂർഖനെന്നാണ് സംശയം.

കണ്ണവത്ത് സലീമിന്റെ വീടിന്റെ സിറ്റൗട്ടിലാണ് രാജവെമ്പാലയെ കണ്ടത്. സംഭവമറിഞ്ഞ് പ്രദേശവാസികളും തടിച്ചുകൂടി. വീട്ടുകാർ വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് സർപ്പ വളണ്ടിയർ ബിജിലേഷ് എത്തിയാണ് പാമ്പിനെ പിടികൂടിയത്. സമീപ പ്രദേശങ്ങളിൽ രാജവെമ്പാല ഇനിയുമുണ്ടാകുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. കുറുമാത്തൂർ പൊക്കുണ്ടിലെ ഒരു വീട്ടിന്റെ അടുക്കളയിലാണ് അണലിയെയും മൂർഖനെയും കണ്ടെത്തിയത്.

സാധാരണയായി പാമ്പുകൾ ഇണ ചേരുന്ന ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് പുറത്ത് കൂടുതലായി കാണപ്പെടുക. എന്നാൽ ചൂടു കൂടുന്ന കാലാവസ്ഥയിൽ പാമ്പുകൾ മാളം വിട്ട് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്. വനം വകുപ്പിന്റെ സർപ്പ ആപ്പിലേക്ക് കോളുകളുടെ എണ്ണവും കൂടിവരികയാണ്.

ശക്തമായ ചൂടിൽ വിഷപ്രയോഗം കൂടും

ചൂട് ശക്തമായതിനാൽ പാമ്പുകൾ മാളം വിട്ട് പുറത്തിറങ്ങിയാൽ അക്രമ സ്വഭാവവും വിഷം കൂടുതൽ പ്രയോഗിക്കുകയും ചെയ്യുന്നുവെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. പലപ്പോഴും വളർച്ചയെത്തിയ പാമ്പുകൾ പരമാവധി മനുഷ്യസാന്നിദ്ധ്യം ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ മൂർഖന്റെ ഉൾപ്പെടെ കുഞ്ഞുങ്ങൾ യാതൊരു ഭയവും കൂടാതെയാണ് ആഹാരവും വിശ്രമസ്ഥലവും തേടി വീടുകളിലേക്കുൾപ്പെടെ എത്തുന്നത്.


5 വർഷം, പാമ്പ് കടിയേറ്റ് മരിച്ചത് 34 പേർ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ പാമ്പ് കടിയേറ്റ് മരിച്ചത് 34 പേരെന്ന് ആരോഗ്യവകുപ്പ്. 2020 മുതൽ 2024 വരെയുള്ള അഞ്ച് വർഷങ്ങളിൽ 18 പുരുഷൻമാരും 16 സ്ത്രീകളുമാണ് ഇത്തരത്തിൽ മരണത്തിന് കീഴടങ്ങിയത്. ഇതിൽ ഏഴ് വയസ്സുള്ള കുട്ടിയും 83 വയസ്സുള്ള വയോധികയുമുണ്ട്. 86.95 ശതമാനം പേരും അണലിയുടെ കടിയേറ്റാണ് മരിച്ചത്. 26 പേർക്ക് കടിയേറ്റത് വീടുകളിലും വീട്ട് പരിസരങ്ങളിൽ വെച്ചുമാണ്. ജോലിസ്ഥലത്ത് വെച്ച് 8 പേർക്ക് പാമ്പുകടിയേറ്റു. ആന്റി സ്നേക്ക് വെനം നൽകിയിട്ടും 25 പേർക്ക് മരണം സംഭവിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL