SignIn
Kerala Kaumudi Online
Sunday, 27 September 2026 3.29 AM IST

ഉദ്യോഗസ്ഥൻ പണം വാങ്ങുന്നതായി ആരോപണം: വനംവകുപ്പ് ഓഫീസിൽ വിജിലൻസ് റെയ്ഡ്

forest-office
വനം വകുപ്പ് ഓഫീസിൽ നടന്ന വിജിലൻസ് റെയ്‌ഡ്

കണ്ണൂർ: മരം കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വനം വകുപ്പ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. വകുപ്പിന്റെ പയ്യാവൂർ പാടാം കവലയിലെ ശ്രീകണ്ഠാപുരം സെക്ഷൻ ഓഫിസിലാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഓഫീസിലെ ഉദ്യോഗസ്ഥനായ ഉളിയിൽ സ്വദേശി, മരം കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ചുരുങ്ങിയ കാലയളവിനുള്ളിൽ മരം കച്ചവടക്കാരിൽ നിന്നും മരം കയറ്റി പോവുന്ന വാഹനങ്ങളിൽ ഉള്ളവരിൽ നിന്നും വൻ തുക കൈപ്പറ്റിയതിന്റെ തെളിവുകൾ പരിശോധനയുടെ ഭാഗമായി വിജിലൻസിന് ലഭിച്ചു. പണം വാങ്ങിക്കുന്നത് സെക്ഷൻ ഓഫിസിലെ ചെലവുകൾക്കുവേണ്ടിയും മേലുദ്യോഗസ്ഥർ സെക്ഷൻ ഓഫിസ് സന്ദർശിക്കുമ്പോഴുള്ള ചെലവുകൾക്കുവേണ്ടിയുമാണെന്നുമുള്ള വിചിത്രമായ മറുപടിയാണ് ഉദ്യോഗസ്ഥൻ വിജിലൻസിന് നൽകിയത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ ഉദ്യോഗസ്ഥൻ വിജിലൻസ് നിരീക്ഷണത്തിൽ ആയിരുന്നു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യാനാണ് വിജിലൻസ് തീരുമാനം. രണ്ടര മണിക്കൂർ നീണ്ട പരിശോധനയിൽ എസ്.ഐ
നിജേഷ്, എ.എസ്.ഐ ജയശ്രീ, എസ്.സി.പി.ഒ ഹൈറേഷ്, സി.പി.ഒ ഷിജിത്ത് എന്നിവരും പങ്കെടുത്തു.
അഴിമതി സംബന്ധിച്ച വിവരങ്ങൾ കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ 9447582440 നമ്പറിൽ നേരിട്ട് വാട്സ്ആപ്പ് മുഖാന്തിരം പേര് വിവരം വെളിപ്പെടുത്താതെ അറിയിക്കാവുന്നതാണെന്ന് വിജിലൻസ് അറിയിച്ചു.


വനം വകുപ്പിന്റെ ശ്രീകണ്ഠാപുരം സെക്ഷൻ ഓഫിസിൽ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, VIGILANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL