4 പേർക്ക് പരിക്ക്, വസ്ത്രം വലിച്ചുകീറിയെന്ന് വിദ്യാർത്ഥികൾ
പെരിയ(കാസർകോട്): കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനെതിരെ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പൊലീസുമായുള്ള ഉന്തും തള്ളിനുമിടെ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ തങ്ങളുടെ വസ്ത്രം വലിച്ചു കീറിയെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
സെമിനാർ നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറാൻ എസ്.എഫ്.ഐ, എൻ.എസ്.യു.ഐ, എം.എസ്.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പരിപാടി നടക്കുന്ന സെമിനാർ ഹാളിലേക്ക് പ്രതിഷേധക്കാരായ വിദ്യാർത്ഥികളെ പൊലീസ് പ്രവേശിപ്പിച്ചില്ല. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർവകലാശാലയിലെ ലൈബ്രറി സെമിനാർ ഹാളിലാണ് ദ്വിദിന ദേശീയ സെമിനാർ നടക്കുന്നത്. സാഹിത്യ അക്കാഡമിയും അഖില ഭാരതീയ സാഹിത്യ പരിഷത്തും കേന്ദ്ര സർവകലാശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിദ്യാർത്ഥികൾ തടയുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ. നന്ദകുമാർ രാവിലെ എട്ടരയ്ക്ക് തന്നെ സർവ്വകലാശാലയിൽ എത്തിയിരുന്നു. പൊലീസ് സംരക്ഷണയിലാണ് ഇദ്ദേഹം അകത്ത് കയറിയത്. ഇദ്ദേഹത്തിനെ തടയുന്നതിനായി വിദ്യാർത്ഥികൾ നാല് ഗേറ്റുകളിലും രാവിലെ മുതൽ സമരം തുടങ്ങിയിരുന്നു.
കാവിവത്കരണ അജണ്ടയെന്ന് വിദ്യാർത്ഥികൾ
സെമിനാറിൽ ആർ.എസ്.എസ് ആശയബന്ധമുള്ളവരെ ഉൾപ്പെടുത്തിയെന്നും സർവകലാശാലയിൽ കാവിവത്കരണ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് പരിപാടിക്കു പിന്നിലെന്നുമാണ് എസ്.എഫ്.ഐ അടക്കമുള്ള നാല് വിദ്യാർത്ഥി സംഘടനകളുടെയും ആരോപണം. ആർ.എസ്.എസിന്റെ ബൗദ്ധിക വിഭാഗമായി പ്രവർത്തിക്കുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ. നന്ദകുമാർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നതാണ് പ്രധാനമായും വിദ്യാർത്ഥി സംഘടനകൾ എതിർക്കുന്നത്. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സെമിനാറിന്റെ സഹസംഘാടകരായതിലും പ്രതിഷേധമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |