
കൊച്ചി: ഏത് പാതിരാത്രിയിലും ചൂട് ഭക്ഷണം കിട്ടും. രുചിയിലും പിന്നോട്ടല്ല. അത്രകണ്ട് ആകർഷകമാണ് കൊച്ചിയിലെ തട്ടുകടകൾ ഉൾപ്പടെയുള്ള വഴിയോരക്കടകൾ. വിലക്കുറവും രുചിയുമാണ് ഇവയുടെ ആകർഷണം. കാലം മാറിയതോടെ മാംസവിഭവങ്ങളും മന്തിയും ബിരിയാണിയും നൂഡിൽസും മുതൽ ഇന്ത്യൻ, ചൈനീസ്, അറബ് വിഭവങ്ങൾ ഏതും മിനിറ്റുകൾക്കകം പ്ലേറ്റിലെത്തിക്കുന്ന കടകളുണ്ട്. രാത്രി ജോലി ചെയ്യുന്നവരും ദീർഘദൂര വാഹനങ്ങളിലെ യാത്രക്കാരും ജീവനക്കാരുമാണ് ഉപഭോക്താക്കളിൽ ഏറെയും. അത്താഴ ഭക്ഷണം തട്ടുകടയിലാക്കുന്ന നഗരവാസികളും കുറവല്ല. അനുകൂല സാഹചര്യം മുതലെടുത്ത് കൂണുപോലെ മുളയ്ക്കുന്ന ഇത്തരം ഭക്ഷണശാലകളിൽ ശുചിത്വവും ആഹാരത്തിന്റെ ഗുണനിലവാരവും പാലിക്കുന്നുണ്ടോയെന്ന് പലരും ശ്രദ്ധിക്കാറില്ല.
പാചകം ചെയ്യുന്നവരും സപ്ളൈ ചെയ്യുന്നവരും ശുചിത്വം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഒരു സംവിധാനവുമില്ല. കൈയ്യിൽ ഗ്ളൗസും തലയിൽ കാപ്പും ഉപയോഗിക്കുന്നവർ വിരളം. പാത്രം കഴുകുന്ന വെള്ളം മാറ്റുന്നുണ്ടോയെന്ന് പരിശോധനയില്ല. കൈയും വായും കഴുകുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തിലും ശ്രദ്ധയില്ല. കൃത്യമായ പരിശോധനയ്ക്ക് ഒരു സംവിധാനവുമില്ലെന്നാണ് സത്യം.
കുറഞ്ഞ മുതൽ മുടക്കിൽ ഏതൊരു സാധാരണക്കാരനും സംരംഭകനാകാമെന്നതാണ് രാത്രികാല തട്ടുകടയുടെ ഏറ്റവും വലിയ ആകർഷണീയത. പാവപ്പെട്ടവന്റെ ഉപജീവനമാർഗം എന്ന പേരിൽ നിയന്ത്രണ അധികാരികൾ ഒരുപാട് വിട്ടുവീഴ്ചകളും ചെയ്യും. ഇത്തരം കടകൾ മാന്യമായി ഭക്ഷണം നൽകാറുമുണ്ട്. എന്നാൽ, പാവപ്പെട്ടവർക്കുള്ള ആനുകൂല്യം മുതലെടുത്ത് കൂണുപോലെ മുളയ്ക്കുന്ന കള്ളനാണയങ്ങളും നഗരത്തിലുണ്ടെന്നതാണ് യാഥാർത്ഥ്യം. ആഹാരവസ്തുക്കളിൽ റോഡിലെ പൊടിപടലങ്ങൾ കലർന്നാലും വിൽക്കുന്നവരോ കഴിക്കുന്നവരോ ശ്രദ്ധിക്കാറില്ല.
ഫിറ്റ്നസില്ലാത്ത തട്ടിക്കൂട്ട് കടകളേറെ
തട്ടുകടയിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കാനുള്ള നിയമങ്ങളുടെ അപര്യാപ്തതയും കൃത്യമായി പരിശോധന നടത്താനുള്ള ഉദ്യോഗസ്ഥരുടെ അഭാവവും തട്ടിക്കൂട്ട് കടകളാണ് മുതലെടുക്കുന്നത്. പകൽ സമയത്ത് തുറന്നിരിക്കുന്ന ഹോട്ടലുകൾ രാത്രിയിൽ റോഡിലിറക്കി തട്ടുകടകളാക്കുന്നവരുമുണ്ട്. പകൽ മിച്ചം വരുന്ന ഭക്ഷണം രാത്രിയിൽ വിറ്റഴിക്കുക എന്നതാണ് തന്ത്രം. അന്യസംസ്ഥാനക്കാർക്ക് കരാർ വ്യവസ്ഥയിൽ തട്ടുകടകൾ വാടകയ്ക്ക് നൽകുന്ന മാഫിയ സംഘങ്ങളുമുണ്ട്. നടപ്പാതകളും പാർക്കിംഗ് ഏരിയായും രാത്രിയിൽ ഇവർ കൈക്കലാക്കും. മാലിന്യം നിറഞ്ഞൊഴുകുന്ന ഓടകൾക്ക് മുകളിലും വൃത്തിഹീനമായ സ്ഥലങ്ങളിലുമാണ് പല കടകളും പ്രവർത്തിക്കുന്നത്.
നിയമപ്രകാരം ഭക്ഷണ ശാല തുടങ്ങണമെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ലൈസൻസ്, ഭക്ഷ്യസുരക്ഷ വകുപ്പിന്റെ എഫ്.എസ്.എസ്.ഐ.എ, ആരോഗ്യവകുപ്പിൽ നിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഉപയോഗിക്കുന്ന വെള്ളത്തിന്റെ പരിശോധന ഫലം, മാലിന്യസംസ്കരണ സംവിധാനം തുടങ്ങി കടമ്പകൾ ഏറെയുണ്ട്. എന്നാൽ തട്ടുകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്ട്രീറ്റ് വെൻഡിംഗ് ലൈസൻസ് ഉള്ളവർക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ എഫ്.എസ്.എസ്.ഐ.എ സർട്ടിഫിക്കറ്റ് പോലും ഇല്ലാതെ തട്ടുകട നടത്താമെന്നതാണ് നിയമം.
വ്യക്തിശുചിത്വം പാലിക്കാത്ത പാചകക്കാരും വിളമ്പുകാരും ആരോഗ്യവകുപ്പിൽ നിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലുമില്ലാതെയാണ് പല തട്ടുകടകളിലും ജോലി ചെയ്യുന്നത്
ഒരു ബക്കറ്റ് വെള്ളം കൊണ്ട് ഒരുപാട് പാത്രം കഴുകും
ഭക്ഷണം കഴിച്ചവർക്ക് കൈയ്യും വായും കഴുകാൻ പോലും നല്ല വെള്ളമുണ്ടാകില്ല
ചിലയിടങ്ങളിൽ വിളമ്പുന്ന എണ്ണപ്പലഹാരങ്ങൾ, അപ്പം, ഇടിയപ്പം എന്നിവ അജ്ഞാത കേന്ദ്രത്തിൽ പാചകംചെയ്ത് കൊണ്ടുവരുന്നതാണ്.
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിമിതി
ഒരു നിയമസഭ നിയോജക മണ്ഡലത്തിൽ ഒരു അസി. കമ്മീഷണർ എന്ന തോതിലാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ക്രമീകരണം. 14 നിയമസഭ മണ്ഡലങ്ങളുള്ള എറണാകുളം ജില്ലയ്ക്ക് ആകെയുള്ളത് ഒരു വാഹനമാണ്. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ ഉദ്യോഗസ്ഥർക്ക് പരിശോധന നടത്താനോ നടപടി എടുക്കാനോ സാധിക്കില്ല. തട്ടുകടകൾ പ്രവർത്തിക്കുന്നത് രാത്രിയിലായതും പരിശോധനയെ ബാധിക്കാറുണ്ട്.
നഗരത്തിന്റെ സവിശേഷമായ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ തട്ടുകടകൾ നഗരത്തിലെ തിരക്കിനിടയിലും സാധാരണക്കാർക്കും തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ഒരുപോലെ ആശ്രയിക്കാവുന്ന ഇടങ്ങളാണ്. വൃത്തിയുടെ കാര്യത്തിലും മറ്റും കൂടുതൽ ശ്രദ്ധ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
എം.എൻ. ഗിരി
ചെയർമാൻ ഗ്രാമസ്വരാജ് ഫൗണ്ടേഷൻ
പൊതുനിരത്തുകൾ ജനങ്ങൾക്ക് സ്വൈരമായി സഞ്ചരിക്കാനും വാഹനങ്ങൾ ഓടിക്കുവാനുമാണെന്നിരിക്കെ അനധികൃതമായി തട്ടുകടകളും പെട്ടിക്കടകളും സ്ഥാപിച്ചിട്ടുള്ളതിനെതിരെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ഒരുനടപടിയും സ്വീകരിക്കുന്നത് കാണുന്നില്ല.
കെ.ജി.രാധാകൃഷ്ണൻ
പ്രസിഡന്റ്,
ഇടപ്പള്ളി വികസന സമിതി
ചില തട്ടുകടകൾ മോശമാണെങ്കിലും പലരും നല്ലനിലവാരം പുലർത്താറുണ്ട്. ശുചിത്വവും ഗുണനിലവാരവുമുള്ള കടകൾ തിരഞ്ഞെടുക്കേണ്ടത് ഉപഭോക്താവിന്റെ അവകാശമാണ്.
ടി.എൻ.പ്രതാപൻ
പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |