
കണ്ണൂർ: ഇന്നു തുടങ്ങുന്ന സി.പി.എം വിശാല ജില്ലാകമ്മിറ്റിയിൽ ചർച്ചയ്ക്കെത്താൻ വിഷയങ്ങൾ നിരവധിയുണ്ടെങ്കിലും പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിയുടെ ഉത്തരവാദിത്തമായിരിക്കും ഇതിൽ പ്രധാനം.
പാർട്ടി പുറത്താക്കിയ വി.കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലും പാർട്ടി വിട്ട ടി.കെ.ഗോവിന്ദൻ തളിപ്പറമ്പിലും ജയിച്ചതിന്റെ ക്ഷീണം ഇപ്പോഴും വിട്ടുപോകാത്ത സാഹചര്യമാണുള്ളത്.
സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച പറ്റിയെന്ന് പാർട്ടി സമ്മതിക്കുന്നുണ്ടെങ്കിലും ഉത്തരവാദി ആരെന്ന ചോദ്യത്തിന് ഇതുവരെ മറുപടിയില്ല. ജില്ലാ ഘടകത്തെ മാത്രം പഴിക്കുന്നതിനെ വിശാല സംസ്ഥാന സമിതിയിൽ ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ എതിർത്തിരുന്നു. ഓരോ ഘട്ടത്തിലും സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നുവെന്നും സംസ്ഥാന സെക്രട്ടേറിയറ്റിനാണ് തെറ്റുപറ്റിയതെന്നും പ്രതിനിധികളിലൊരാൾ തുറന്നടിച്ചിരുന്നു. ജില്ലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിലും ഉപരി കമ്മിറ്റികളുടെ പ്രവർത്തനത്തിലെ ദൗർബല്യത്തെക്കുറിച്ച് രൂക്ഷ പരാമർശമുണ്ടായിരുന്നു. ഈ നിലപാടിൽ പ്രതിനിധികൾ ഉറച്ചുനിൽക്കുമെന്നാണ് കരുതുന്നത്.കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കലാണെന്ന പ്രചാരണം തിരിച്ചടിയായെന്ന വിശാല സംസ്ഥാനകമ്മിറ്റിയുടെ വിലയിരുത്തലിലും തുടർചർച്ച കണ്ണൂരിലുണ്ടായേക്കും.
സി.എം.ആർ.എൽഎക്സാലോജിക് കേസിൽ നിയമനടപടികൾ മുറുകുന്നതിനിടെയാണ് സ്വന്തം ജില്ലയിലെ യോഗത്തിൽ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പങ്കെടുക്കുന്നത്.മറ്റ് ജില്ലകളിൽ പിണറായിക്കെതിരെ വിമർശനമുയർന്ന സാഹചര്യത്തിൽ സ്വന്തം ജില്ലയിൽ നിന്നുണ്ടാകുന്ന സമീപനവും ശ്രദ്ധേയമാണ്.
പയ്യന്നൂരിലെ വിവാദം
വിഭാഗീയതയും ഫണ്ട് വിവാദവും തോൽവിക്കു കാരണമായെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. വിഷയം പഠിക്കാൻ നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ റിപ്പോർട്ടിന്മേൽ ഇന്നു നടക്കുന്ന ചർച്ചയിൽ തുടർനടപടി ആലോചിക്കും. ഏരിയ കമ്മിറ്റി ഉടച്ചുവാർക്കണമെന്ന അഭിപ്രായവും ശക്തമാണ്.
സാമ്പത്തിക വിവാദങ്ങൾ
ഇരിട്ടി ഏരിയ കമ്മിറ്റിക്കു കീഴിലെ നോർത്ത് മലബാർ എജ്യുക്കേഷൻ സൊസൈറ്റി, ഹലാൽ ഫായിദ സഹകരണ സംഘം, എടക്കാട് മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം, കോടിയേരി ബാലകൃഷ്ണന്റെ പേരിലുള്ള കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് ഫണ്ട് എന്നിവ ചർച്ചയാകും. റബ്കോ, റൈഡ്കോ, ദിനേശ് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിലെ പ്രശ്നങ്ങളും ഉയർന്നേക്കും.
സംഘടനാ മാറ്റങ്ങൾ
ജില്ലാ കമ്മിറ്റിയിൽ ടി.കെ.ഗോവിന്ദൻ, വി.കുഞ്ഞികൃഷ്ണൻ എന്നിവർ പോയതോടെ രണ്ട് ഒഴിവുണ്ട്. ഇവ നികത്താനും കമ്മിറ്റി വിപുലീകരിക്കാനും മഹിളാ, യുവജന, വിദ്യാർഥി, അനുബന്ധ സംഘടനകളിൽ നിന്ന് ക്ഷണിതാക്കളെ ഉൾപ്പെടുത്താനുമുള്ള നിർദേശങ്ങൾ ഉയരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |