SignIn
Kerala Kaumudi Online
Thursday, 05 November 2026 6.33 AM IST

ഒന്നുമില്ലാതായി വീണാ ജോർജ് കേസ്: സമാധാനത്തകർച്ചയും ജയിൽവാസവും മിച്ചം 

veena
റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെ ആക്രമിച്ചെന്ന പേരിൽ പുറത്തുവന്ന പടം

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെ ആക്രമിച്ചെന്ന മൊഴിയുടെ പേരിൽ കണ്ണൂർ മുൾമുനയിൽ നിന്നത് ദിവസങ്ങളോളം. എട്ടുമാസത്തിനുശേഷം എസ്.ഐ.ടി റിപ്പോർട്ട് വരുമ്പോൾ ആ മൊഴിക്കു പിന്നിൽ തെളിവില്ല. അന്ന് നടന്ന അശാന്തിക്കും അക്രമത്തിനും കൊലവിളിക്കും കെ.എസ്.യുക്കാരുടെ ജയിൽവാസത്തിനും ആര് ഉത്തരം പറയുമെന്ന ചോദ്യം ബാക്കി.
മന്ത്രിയായിരിക്കെ വീണാ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിക്കപ്പെട്ടുവെന്നായിരുന്നു എഫ്.ഐ.ആർ. ആയുധങ്ങളുമായി കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചുവെന്ന് കേസും. എന്നാൽ അത്തരമൊരു ദൃശ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്റ്റേഷനിലെ 55 സി.സി.ടി.വി ക്യാമറകളിൽ ഒന്നിലും ആക്രമണം പതിഞ്ഞിട്ടില്ല. അവസാനം പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകളൊന്നും നിലനിൽക്കില്ലെന്ന എസ്.ഐ.ടി റിപ്പോർട്ട്.

മന്ത്രി ആക്രമിക്കപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നതോടെ കണ്ണൂരിൽ നടന്നത് വ്യാപക അക്രമം. നിരവധി കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെട്ടു. പലയിടത്തും സംഘർഷമുണ്ടായി. വധശ്രമം ഉൾപ്പെടെ ചുമത്തി കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ചുപേരെ 16 ദിവസം ജയിലിലടച്ചു. ആയുധം ഉപയോഗിച്ചതിന് തെളിവില്ലാത്തതിനാൽ വധശ്രമവകുപ്പ് പിന്നീട് കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി. എഫ്.ഐ.ആറിലെ ഏറ്റവും ഗുരുതര ആരോപണം കുറ്റപത്രത്തിലെത്തിയപ്പോൾ ഇല്ലാതായി!.

തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സംഭവത്തെ വധശ്രമമായി സി.പി.എം ഉയർത്തിക്കാട്ടി; മുഖ്യമന്ത്രി, പാർട്ടി സംസ്ഥാന സെക്രട്ടറി, അന്നത്തെ സ്പീക്കർ എ.എൻ. ഷംസീർ എന്നിവർ ആരോപണം ഏറ്റുപിടിച്ചു. ഭരണമാറ്റത്തിനുശേഷം കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനന്റെ പരാതിയെത്തുടർന്നാണ് തുടരന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിച്ചത്.


കേസെടുത്തത് കള്ളമൊഴിയിൽ
കൊല്ലെടാ എന്ന് ആക്രോശിച്ച് വീണയ്ക്കുനേരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നായിരുന്നു ഗൺമാൻ കൊട്ടാരക്കര സ്വദേശി എം.എസ്. അഭിലാഷ് അന്ന് നൽകിയ മൊഴി. ആ ഒരു വാചകമാണ് എഫ്.ഐ.ആറിന്റെ കാതലായത്. എന്നാൽ ആയുധം ഉപയോഗിച്ച് മർദ്ദിക്കുന്നത് കണ്ടില്ലെന്നാണ് അതേ അഭിലാഷ് ഇപ്പോൾ എസ്.ഐ.ടിക്ക് നൽകിയ മൊഴി. താൻ ഒന്നും കണ്ടില്ലെന്നും എല്ലാം ഗൺമാനാണ് കണ്ടതെന്നുമാണ് വീണയുടെ മൊഴി. പരാതിക്കാരനും മന്ത്രിയും ഒരുപോലെ കൈയൊഴിഞ്ഞതോടെ ആക്രമണകഥ വ്യാജമെന്ന് വ്യക്തമായി.
വീണയുടെ കഴുത്തുവരെ എത്തിയ കരിങ്കൊടിയുടെ ദൃശ്യങ്ങളാണ് സി.പി.എം നേതാക്കൾ അന്ന് പുറത്തുവിട്ടത്. ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ അത് ഗൺമാൻ അഭിലാഷിന്റെ വസ്ത്രമാണെന്നു കാണാം. കെ.എസ്.യു പ്രവർത്തകരാരും മന്ത്രിയെ തൊട്ടില്ലെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.


ഉത്തരം തേടുന്ന ചോദ്യങ്ങൾ
കേസിന്റെ ഗതി വ്യക്തമാകുമ്പോഴും ചോദ്യങ്ങൾ ബാക്കിയാണ്. തെളിവില്ലാത്ത ആക്രമണക്കഥയുടെ പേരിൽ കണ്ണൂരിൽ നടന്ന അക്രമങ്ങൾക്കും തകർക്കപ്പെട്ട ഓഫിസുകൾക്കും ആര് മറുപടി പറയും? 16 ദിവസം ജയിലിൽ കിടന്ന അഞ്ചു യുവാക്കളോട് ആര് മറുപടി പറയും? എന്തിനായിരുന്നു ആ തിരക്കഥ, ആരൊക്കെയാണ് പിന്നിൽ എന്ന ചോദ്യത്തിന് എട്ടുമാസത്തിനുശേഷവും ഉത്തരമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, VEENAGEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL