
കണ്ണൂർ:മുൻ ആരോഗ്യമന്ത്രി വീണാജോർജിനെ ആക്രമിച്ചെന്ന കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രത്യേകഅന്വേഷണ സംഘം(എസ്.ഐ.ടി) കോടതിയെ അറിയിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എസ്.ഐ.ടി തലവൻ യു.പ്രേമൻ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണിത്. ആദ്യഅന്വേഷണസംഘം കുറ്റപത്രത്തിൽ ചുമത്തിയ കുറ്റങ്ങളൊന്നും പ്രതിഷേധക്കാർ ചെയ്തിട്ടില്ല. കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും റിപ്പോർട്ടിലുണ്ട്. കോടതി ഇനി തുടർനടപടി സ്വീകരിക്കും.
കലാപശ്രമം, തടഞ്ഞുവെക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, റെയിൽവേ പരിസരത്ത് അതിക്രമിച്ചുകടക്കൽ തുടങ്ങിയ വകുപ്പുകളാണ് റെയിൽവേ പൊലീസിന്റെ ആദ്യസംഘം ചുമത്തിയിരുന്നത്. എഫ്.ഐ.ആറിൽ ഉണ്ടായിരുന്ന വധശ്രമം കുറ്റപത്രത്തിൽ നേരത്തേ ഒഴിവാക്കിയിരുന്നു.
തെറ്റായ മൊഴി നൽകിയ വീണാജോർജിന്റെ മുൻ ഗൺമാൻ അഭിലാഷിനെതിരെയും പ്രാഥമികഅന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് എസ്.ഐ.ടി, ഡി.ജി.പിക്ക് കൈമാറിയിരുന്നു.
പ്രധാന കണ്ടെത്തലുകൾ
വീണാജോർജിനൊപ്പമുണ്ടായിരുന്ന പൊലീസിന്റെ ചുമതല പ്രതിഷേധക്കാരെ തടയുക എന്നതായിരുന്നു.
ആ ഔദ്യോഗികകൃത്യനിർവഹണം പ്രതിഷേധക്കാർ തടസ്സപ്പെടുത്തിയിട്ടില്ല. കരിങ്കൊടി വീശിയ പ്രവർത്തകരെ പൊലീസാണ് തടഞ്ഞത്. മന്ത്രിയെ തടഞ്ഞുവെച്ചിട്ടില്ല. പ്ലാറ്റ്‌ഫോം ടിക്കറ്റെടുത്താണ് പ്രവർത്തകർ സ്റ്റേഷനിൽ പ്രവേശിച്ചത്. അതിക്രമിച്ചു കടന്നെന്ന കുറ്റവും നിലനിൽക്കില്ല. കരിങ്കൊടിപ്രതിഷേധം കുറ്റകൃത്യമല്ലെന്ന കോടതി നിരീക്ഷണങ്ങൾചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |