കണ്ണൂർ: കടലിൽ ബോർഡിൽ നിന്ന് തിരമാലകളെ കീഴടക്കാനുള്ള പരിശീലനം പയ്യാമ്പലം കടപ്പുറത്തെത്തിയവർക്ക് കൗതുക കാഴ്ചയായി. കൈറ്റ് സർഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്നലെ സംഘടിപ്പിച്ച സൗജന്യ സർഫിംഗ് പരിശീലനത്തിൽ 170 ഓളം പേർ പങ്കെടുത്തു.
പരിശീലനം നൽകുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ആദ്യ ദിവസം തന്നെ ബുക്കിംഗ് അവസാനിപ്പിക്കേണ്ടി വന്നു. സർഫിംഗ് എന്ന കായികവിനോദത്തോട് യുവാക്കൾക്കുള്ള താൽപര്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് സംഘാടകനും കൈറ്റ് സർഫ് ഇന്ത്യ സ്ഥാപകനും കണ്ണൂർ സ്വദേശിയുമായ സി.എച്ച് രാജേഷ് ബാബു പറഞ്ഞു.
സർഫിംഗ് രംഗത്തേക്ക് കൂടുതൽ പേരെ ആകർഷിക്കുകയും യുവാക്കൾക്ക് ഈ കായികവിനോദത്തിൽ പരിശീലനം നൽകുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. 12 മുതൽ 55 വയസ്സ് വരെയുള്ളവർ പരിശീലനത്തിൽ പങ്കാളികളായി. നാല് ഘട്ടങ്ങളിലായി 40 മിനിറ്റ് നീളുന്ന പരിശീലനമാണ് നൽകിയത്.
ആയുർവേദ പഠനത്തിനായി കണ്ണൂരിലെത്തിയ ഫ്രഞ്ച് സ്വദേശി പീറ്ററും പരിശീലനത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി.
പങ്കെടുത്ത മുഴുവൻ പേർക്കും കൈറ്റ് സർഫ് ഇന്ത്യ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |