യു.ഡി.എഫ് ബന്ധം ഉലയുമോ?
കണ്ണൂർ: കോർപ്പറേഷൻ ഭരണത്തിൽ പാർട്ടിയുടെ പിടിമുറുക്കാൻ മുസ്ലിം ലീഗ് കൗൺസിൽ സ്റ്റിയറിംഗ് കമ്മിറ്റി. നയപരമായ തീരുമാനങ്ങൾ ഈ കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ എടുക്കരുതെന്ന് കോർപ്പറേഷനിലെ ലീഗ് ഭരണനേതൃത്വത്തിന് പാർട്ടി കർശന നിർദ്ദേശം നൽകി. മേയർക്കും ലീഗ് കൗൺസിലർമാർക്കുമെതിരെ വിമർശനമുയർന്നു. മുന്നണിയിലെ വലിയ കക്ഷിയായ കോൺഗ്രസുമായുള്ള ബന്ധത്തെ ഈ നീക്കം എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷം നയപരമായ കാര്യങ്ങളിൽ പാർട്ടിയുടെ ഇടപെടൽ കുറയുന്നു എന്ന വിമർശനത്തെ തുടർന്നാണ് സ്റ്റിയറിംഗ് കമ്മിറ്റി വിപുലീകരിച്ചത്. ഇതുവരെ പ്രധാന നേതാക്കൾ മാത്രമുള്ള സമിതിയായിരുന്നു ഇത്. ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള എന്നിവർക്കു പുറമേ കോർപ്പറേഷൻ പരിധിയിലെ മണ്ഡലം പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സോണൽ പ്രസിഡന്റുമാർ, ജില്ലാ ഭാരവാഹികളായ ടി.എ. തങ്ങൾ, ബി.കെ. അഹമ്മദ്, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ എന്നിവരാണ് പുതിയ കമ്മിറ്റിയിലുള്ളത്. കൗൺസിൽ അജണ്ടയിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടും ഇനി ഈ കമ്മിറ്റി ചർച്ച ചെയ്യും.
ലീഗിന്റെ നീക്കത്തെ മുന്നണി ബന്ധത്തിലെ വിള്ളലായി കാണുന്നതിനെക്കാൾ ഭരണത്തിൽ തങ്ങളുടെ വിലപേശൽശേഷി ഉറപ്പിക്കാനുള്ള സംഘടനാപരമായ മുൻകരുതലായാണ് വിലയിരുത്തപ്പെടുന്നത്.
വിമർശനത്തിന്റെ വഴികൾ
1വഴിയോര കച്ചവടക്കാരുടെ ഉപജീവനത്തിന് വിഘാതമുണ്ടാക്കുന്ന നടപടികളിൽ നിന്ന് കോർപ്പറേഷൻ വിട്ടുനിൽക്കണം. സാധാരണക്കാരായ കച്ചവടക്കാരുടെ അന്നം മുടക്കുന്നത് അംഗീകരിക്കാനാകില്ല.
2കണ്ണൂർ ദസറയുമായി ബന്ധപ്പെട്ട് രണ്ടു മാസത്തോളം കോർപ്പറേഷന്റെ ദൈനംദിന കാര്യങ്ങൾ തടസ്സപ്പെട്ടു. മേയറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും ദസറയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ വികസനപ്രവർത്തനങ്ങൾ മുടങ്ങി.
3ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽനിന്ന് പൊതുമരാമത്ത്, നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരെ ഒഴിവാക്കിയതിലും വിമശനമുയർന്നു. നേരത്തെ ഇവർ ഈ കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു
ജാഗ്രതയ്ക്ക് പിന്നിൽ രാഷ്ട്രീയ ചരിത്രം
ലീഗിന്റെ ഈ ജാഗ്രതയ്ക്ക് പിന്നിൽ കോർപ്പറേഷന്റെ രാഷ്ട്രീയ ചരിത്രം കൂടിയുണ്ട്. 2020ൽ കോൺഗ്രസ് 20ഉം ലീഗ് 14ഉം സീറ്റ് നേടിയപ്പോൾ കോൺഗ്രസിലെ ടി.ഒ. മോഹനൻ മേയറും ലീഗിലെ കെ. ഷബീന ഡെപ്യൂട്ടി മേയറുമായി. രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കിടാനായിരുന്നു ധാരണ. എന്നാൽ കാലാവധി കഴിഞ്ഞിട്ടും മോഹനൻ സ്ഥാനമൊഴിഞ്ഞില്ല. ഡെപ്യൂട്ടി മേയർ ഉൾപ്പെടെ കൗൺസിൽ യോഗങ്ങൾ ഒഴികെയുള്ള കോർപ്പറേഷൻ പരിപാടികൾ ബഹിഷ്‌കരിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടലിൽ 2023 ഒക്ടോബറിൽ ഡിസംബറോടെ മേയർ സ്ഥാനം കൈമാറാൻ ധാരണയായി.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്നോടിയായും തർക്കമുണ്ടായി. വാരം, വെത്തിലപ്പള്ളി, ആദികടലായി ഡിവിഷനുകൾ വേണമെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിക്കാതെ വന്നതോടെ സീറ്റ് ചർച്ചകൾ ആഴ്ചകളോളം സ്തംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |