SignIn
Kerala Kaumudi Online
Monday, 29 June 2026 12.28 AM IST

‌ഡീസലിന് പോലും തികച്ചില്ല; ബസുകൾ കട്ടപ്പുറത്തേക്ക്

bus

കണ്ണൂർ:കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സ്വകാര്യ ബസുകളിൽ കളക്ഷൻ കുറഞ്ഞതിനെ തുടർന്ന് ഉടമകൾ സർവ്വീസ് നിർത്താനുള്ള ആലോചനയിൽ. ലോക്ക് ഡൗണിന് ശേഷം 60 ശതമാനം യാത്രികർ മാത്രമാണ് ബസുകളിൽ ഉണ്ടായിരുന്നത്.ഇപ്പോഴത് 30 ശതമാനം മാത്രമേയുള്ളുവെന്നാണ് ഉടമകളുടെ പരാതി.

1300 ബസുകൾ സർവ്വീസ് നടത്തികൊണ്ടിരുന്നിടത്ത് ഇപ്പോൾ വെറും 750 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ സർവ്വീസ് നിർത്തിവയ്ക്കുമെന്ന സൂചനയാണ് ബസുടമകൾ നൽകുന്നത്.‌ഡീസൽ അടിക്കാൻ പോലുമുള്ള വരുമാനം പലർക്കും കിട്ടാത്ത സ്ഥിതിയാണ്.രാവിലെയും വൈകീട്ടും മാത്രമാണ് ആളുകൾ കയറാനുള്ളത്.സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവൃത്തി ദിവസം വെട്ടിച്ചുരുക്കിയതും ആളുകൾ കുറയാൻ കാരണമായി.കൊവിഡ് ഭീതിയിൽ ആളുകൾ സ്വകാര്യ വാഹനങ്ങൾ ഉപോഗിക്കുന്നതും മേഖലയ്ക്ക് തിരിച്ചടിയായി.

നേരത്തെ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മൂന്ന് മാസം ടാക്‌സ് ഒഴിവാക്കിയിരുന്നു. എന്നാൽ ഓക്ടോബർ മുതൽ ടാക്‌സിന്റെ പകുതി അടക്കണം. ബസുകൾ നഷ്ടത്തിലായതോടെ ജീവനക്കാരെ കുറച്ചിരുന്നു. ശമ്പളവും വെട്ടിക്കുറച്ചു. ട്രെയിനുകൾ പലതും സർവ്വീസ് നടത്താത്തത് കാരണം ആ റൂട്ടുകൾ സർവ്വീസ് നടത്തുന്ന ചില ബസുകൾക്ക് അത്യാവശ്യം വരുമാനമുണ്ട് . എന്നാൽ പ്രാദേശികമായി സർവ്വീസ് നടത്തുന്ന ബസുകൾ ഇപ്പോഴും നഷ്ടത്തിലാണ്. ഡീസലിന്റെയും ജീവനക്കാരുടെയും ടാക്‌സും എല്ലാം കൊടുത്തുകഴിഞ്ഞാൽ ബസുടമകൾക്ക് ഒന്നും ലഭിക്കാറില്ലെന്നും മേഖലയിലുള്ളവർ പറഞ്ഞു.

പലിശരഹിത വായ്പ അനുവദിക്കണം

ബസ് വ്യവസായത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനായി പലിശരഹിത വായ്പ അനുവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. പലിശ രഹിത വായ്പ അനുവദിക്കുകയാണെങ്കിൽ ഒരു പരിധിവരെ സർവ്വീസ് നടത്താൻ സാധിക്കാത്ത ബസുകൾക്ക് നിരത്തിലിറക്കാൻ കഴിയുമെന്നും ഉടമകൾ പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുകയും ഡീസലിന് സബസിഡി അനുവദിക്കുകയും ചെയ്യണമെന്നാണ് മേഖലിലുള്ളവരുടെ പ്രധാന ആവശ്യം.

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറി വരുന്നതിനിടയിലാണ് വീണ്ടും കനത്ത തിരിച്ചടി കിട്ടിയത്.പല ബസ്സുകളും ഇതിനോടകം സർവ്വീസ് നിർത്തി.വരും ദിവസങ്ങളിൽ കൂടുതൽ ബസ്സുകൾ സർവ്വീസ് നിർത്താനാണ് തീരുമാനം.ഡീസൽ അടിക്കാനുള്ള വരുമാനം പോലും ഇപ്പോൾ ലഭിക്കുന്നില്ല.

രാജ്കുമാർ കരുവാരത്ത്, ജില്ലാ പ്രസിഡന്റ് ബസ് ഓണേർസ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL