SignIn
Kerala Kaumudi Online
Wednesday, 16 September 2026 9.35 PM IST

ചിത്രകാരന് കിട്ടുന്ന ആദ്യ അംഗീകാരം നിറങ്ങളിൽ ദേശങ്ങളെ അടയാളപ്പെടുത്തിയ കലാകാരന് ഗോൾഡൻ വിസ

dhanesh
ധനേഷ് കൊണ്ടോൻ

അഞ്ചരക്കണ്ടി : കാലവും ദേശവും കാൻവാസിൽ അടയാളപ്പെടുത്തിയ നിറങ്ങളുടെ ഉപാസകന് ഗോൾഡൻ വിസ. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെയാണ് യു.എ.ഇ ഭരണകൂടം ഗോൾഡൻ വിസ നൽകുന്നത്. പത്ത് വർഷത്തെ കാലാവധിയുള്ള വിസ കാലാവധിക്ക് ശേഷം പുതുക്കി നൽകും. ചിത്രകലാ മികവിന് ആദ്യമായി ഈ അംഗീകാരം നേടിയ വ്യക്തിയാണ് ധനേഷ് കൊണ്ടോൻ. മനുഷ്യ പ്രവാസത്തിന്റെ ആത്മാവ് തൊട്ടറിയുന്ന നിമിഷങ്ങളും ദേശാന്തരങ്ങളുമാണ് വിശാലമായ കാഴ്ചപ്പാടോടെ ധനേഷ് കാൻവാസിൽ ആവിഷ്‌കരിക്കുന്നത്. നിറങ്ങളും നിഴലുകളും സമ്മേളിക്കുന്ന ജീവിതാവസ്ഥകളുടെ നേർചിത്രമായി അതുമാറുന്നു.
സൂക്ഷ്മ നിരീക്ഷണത്തിന്റെയും വിശദാംശങ്ങളുടെയും കൃത്യമായ അനുപാതമാണ് ധനേഷിന്റെ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. ഒരു കലാകാരൻ എന്ന നിലയിൽ ധനേഷിന്റെ സംവേദനക്ഷമത രൂപപ്പെടുത്തിയത് കൃത്യമായ നിരീക്ഷണബോധമാണ്. യു.എ.ഇയിലെ വിവിധ സാംസ്‌കാരിക അനുഭവങ്ങൾ,മണലും കാറ്റും സൃഷ്ടിക്കുന്ന അലകളുടെ പാറ്റേണുകൾ,​അറേബ്യൻ മരുഭൂമി, ഏകാന്തത തുടങ്ങിയവ ധനേഷ് വിഷയമാക്കുന്നു.കണ്ണൂർ അഞ്ചരക്കണ്ടി മാമ്പ സ്വദേശിയായ ധനേഷിനെ ചിത്ര കലയോടുള്ള അഭിനിവേശം ഫൈൻ ആർട്‌സ് വിദ്യാഭ്യാസം നേടുന്നതിലെത്തിച്ചു. കണ്ണൂർ ബ്രഷ്മാൻ ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥിയായും പിന്നീട് അദ്ധ്യാപകനായും പ്രവർത്തിച്ചു. കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസികളിലെ പ്രവർത്തന പരിചയത്തിന് ശേഷം ഏകദേശം രണ്ടരപ്പതിറ്റാണ്ടോളം ദുബൈയിൽ പ്രവർത്തിച്ചു. അഡൈ്വർടൈസിംഗ്, ബ്രാന്റിംഗ് , പബ്ളിക് റിലേഷൻ മേഖലയിൽ ദുബൈയിലെ ഏറ്റവും അറിയപ്പെടുന്ന ആർട്ടിസ്റ്റായിരുന്നു ധനേഷ്. അന്താരാഷ്ട്ര ഏജൻസിയായ പ്രൂഫ് കമ്മ്യൂണിക്കേഷൻസിന്റെ ക്രിയേറ്റീവ് ഡയറക്ടറായാണ് പ്രവർത്തിച്ചത്. ഭാര്യ: ജൂന. മക്കൾ: അഗ്‌നേയ, ആകർഷ. ഇന്ത്യയിലും ദുബായിലും ധനേഷിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

എല്ലാ സംഭാവനകളും കഠിനാദ്ധ്വാനവും യു.എ.ഇ .ഗവൺമെന്റ് അംഗീകരിച്ച് ഗോൾഡൻ വിസ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഒരു കലാകാരനെന്ന നിലയിൽ, ഇത് എന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണിത് .

ധനേഷ് കൊണ്ടോൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL