SignIn
Kerala Kaumudi Online
Monday, 14 September 2026 3.06 AM IST

ചുമതലയേറ്റ് പത്താം ദിവസം മാറ്റം,​ ഇനിയില്ല കാഞ്ഞങ്ങാടിന് സബ് കളക്ടർ തസ്തിക

archana
പി.പി അർച്ചന

കാസർകോട്: കാഞ്ഞങ്ങാട് സബ് കളക്ടർ പയ്യന്നൂർ സ്വദേശി പി.പി അർച്ചനയെ സ്ഥലം മാറ്റിയത് ചുമതലയേറ്റെടുത്ത് പത്താമത്തെ ദിവസം. വടകര സബ് കളക്ടറായാണ് അർച്ചനയെ സ്ഥലംമാറ്റിയിരിക്കുന്നത്. വയനാട് സബ് കളക്ടറായിരുന്ന അർച്ചന സെപ്തംബർ മൂന്നിനാണ് കാഞ്ഞങ്ങാട് സബ് കളക്ടറായി ചുമതല ഏറ്റെടുത്തത്. കർണ്ണാടക കേഡറിൽ നിന്ന് കേരള കേഡറിലേക്ക് മാറ്റിയാണ് അർച്ചനയുടെ സേവനം ഇവിടെ ലഭ്യമാക്കിയിരുന്നത്.

അർച്ചനയുടെ സ്ഥലംമാറ്റം ആർ.ഡി.ഒ തസ്തിക മാത്രം നിലവിൽ ഉണ്ടായിരുന്ന വടകര സബ് ഡിവിഷനിൽ സബ് കളക്ടറുടെ പുതിയ തസ്തിക സൃഷ്ടിച്ചു കൊണ്ടാണ്. അവിടെ പുതിയ തസ്തിക സൃഷ്ടിക്കപ്പെട്ടപ്പോൾ കാഞ്ഞങ്ങാട്ട് നിലവിലുണ്ടായിരുന്ന സബ് കളക്ടർ തസ്തിക ഇല്ലാതായി എന്നതാണ് ഏറെ വിചിത്രം. ഇനി കാഞ്ഞങ്ങാട് പഴയതു പോലെ ആർ.ഡി.ഒ മാത്രമാണ് ഉണ്ടാവുക. അർച്ചനയുടെ മാറ്റവും തസ്തിക ഇല്ലാതാക്കിയതും പിന്നാക്ക ജില്ലയായ കാസർകോടിനോട് കാണിക്കുന്ന തികഞ്ഞ അവഗണനയായാണ് വിലയിരുത്തപ്പെടുന്നത്.

സബ് കളക്ടർ തസ്തികയും നിയമനവും ഇനി ഉണ്ടാകണമെങ്കിൽ യോഗ്യതയുള്ള ബാച്ച് ഇല്ലാത്തതിനാൽ രണ്ടു വർഷമെങ്കിലും കാത്തിരിക്കേണ്ടിവരും. അർച്ചനയുടെ ഭർത്താവ് കോഴിക്കോട് സബ് കളക്ടറാണ്. ഐ.എ.എസ് തലപ്പത്തുള്ള കളിയുടെ ഭാഗമാണ് ഈ മാറ്റമെന്നും സർക്കാർ അറിഞ്ഞിരിക്കാൻ തരമില്ലെന്നുമാണ് ഭരണതലത്തിൽ നിന്നുള്ള വിശദീകരണം. വെറും പത്തു ദിവസം മാത്രം സബ് കളക്ടർ തസ്തികയിൽ ഇരുന്ന ഒരാളെ കാസർകോട് ജില്ലയിൽ നിന്ന് മാറ്റിയ സംഭവം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, IAS TRANSFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL