നീലേശ്വരം: ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ആതിഥ്യമരുളുന്ന 68-ാമത് കാസർകോട് റവന്യു ജില്ല സ്കൂൾ കായിക മേളയ്ക്ക് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടക്കമായി. കെ. രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു, ജില്ല പഞ്ചായത്തംഗങ്ങളായ കെ. സബീഷ്, കെ. രാധിക, സംഘാടക സമിതി വൈസ് ചെയർമാൻ പി. മനോഹരൻ, നഗരസഭ കൗൺസിലർ പി. അഖിലേഷ്, ഷിനോജ് സെബാസ്റ്റ്യൻ, സി.പി ജെയിംസ്, ഷൗക്കത്തലി അക്കാളത്ത്, കെ.വി ബിജു, കെ.ടി സീമ, ടി.ആർ പ്രീതി മോൾ എന്നിവർ സംസാരിച്ചു. കാസർകോട് ഡി.ഡി.ഇ റഫീഖ് സ്വാഗതവും കൺവീനർ എം. സുനിൽകുമാർ നന്ദിയും പറഞ്ഞു.
നാളെ വൈകിട്ട് 4 നടക്കുന്ന സമാപന സമ്മേളനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സന്ദീപ് വാര്യർ എം.എൽ.എ വിജയികൾക്കുള്ള സമ്മാനം നൽകും.
കാസർകോട് മുന്നിൽ
കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കായിക മേളയുടെ ആദ്യ ദിനം 25 ഇനങ്ങൾ പൂർത്തിയായപ്പോൾ അഞ്ച് സ്വർണം, ഏഴ് വെള്ളി, നാല് വെങ്കലം ഉൾപ്പെടെ 61 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കാസർകോട് ഉപജില്ല. ആറ് സ്വർണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം ഉൾപ്പെടെ 51 പോയിന്റുമായി ഹൊസ്ദുർഗ് രണ്ടാം സ്ഥാനത്തും നാല് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം ഉൾപ്പെടെ 39 പോയിന്റുമായി മഞ്ചേശ്വരം മൂന്നാംസ്ഥാനത്തുമാണ്.
സ്കൂളുകളിൽ രണ്ട് സ്വർണം, ഒരു വെങ്കലം എന്നിവ നേടി 11 പോയിന്റോടെ കോട്ടിക്കുളം നൂറുൽ ഹുദ ഇ.എം.എച്ച് സ്കൂളും, ചെമ്മനാട് ജി.എച്ച്.എസ്.എസും ഒന്നാമതും, രണ്ട് സ്വർണവുമായി 10 പോയിന്റോടെ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തുമെത്തി. 8 പോയിന്റോടെ കോടോത്ത് ഡോ. അംബേദ്കർ ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്താണ്. രണ്ടാം ദിവസമായ ഇന്നുരാവിലെ 8.30ന് മത്സരങ്ങൾ ആരംഭിക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, അദ്ധ്യാപക വിഭാഗങ്ങളിലായി 100, 200, 400 മീറ്റർ ഓട്ടം, 1500 മീറ്റർ നടത്തം, 400 മീറ്റർ ഹർഡിൽസ്, ഡിസ്കസ്ത്രോ, ഷോട്ട്പുട്ട്, ഹാമർത്രോ, ലോംഗ് ജംപ്, ഹൈജംപ്, ട്രിപ്പിൾ ജംപ് എന്നീ ഇനങ്ങളിലായി 45 മത്സരങ്ങൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |