SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.08 AM IST

അച്ചൻകോവിൽ ആദിവാസി ഊരുകളിൽ പ്രായപൂർത്തിയാകാത്ത അമ്മമാർ

കൊല്ലം: അച്ചൻകോവിൽ ആദിവാസി മേഖലയിലെ ഊരുകളിൽ പ്രായപൂർത്തിയാകാത്ത അമ്മമാരെ കണ്ടെത്തി. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഊരുവെളിച്ചം എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പയിൻ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.

തിരിച്ചറിഞ്ഞവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. പ്രായപൂർത്തിയാകുന്നതിന് മുമ്പേ ഒന്നിലേറെ തവണ ഗർഭിണികളായ പെൺകുട്ടികളും ഇക്കൂട്ടത്തിലുണ്ട്. തുടർച്ചയായുള്ള ഗർഭധാരണം മൂലം ഇവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പോഷക പ്രശ്നങ്ങളും വൈകല്യങ്ങളുമുണ്ട്. ഗുരുതര പോഷക പ്രശ്നങ്ങളുള്ള ഏഴ് കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഒരു കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ചൂഷണത്തിന് ഇരയായവർക്ക് പുറമേ വീട്ടുകാരുടെ സമ്മതതോടെ പ്രായപൂർത്തിയാകുന്നതിന് മുമ്പേ ദാമ്പത്യം ആരംഭിച്ചവരുമുണ്ട്. കൂടുതൽ വിവരങ്ങൾ തിരക്കുന്നതോടെ ഇവർ തമിഴ്നാട് വനമേഖലയിലേയ്ക്ക് മാറുന്നതിനാൽ പ്രായപൂർത്തിയാകാത്ത അമ്മമാരെയും കുട്ടികളെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയുമുണ്ട്.

വീടുകളിൽ ഒറ്റപ്പെട്ടവരെ ചൂഷണം ചെയ്യും

 ആദിവാസികളുടെ പ്രധാന തൊഴിൽ വനവിഭവങ്ങൾ ശേഖരിക്കൽ

 കാട്ടിൽ പോകുന്ന ഭാര്യയും ഭർത്താവും ദിവസങ്ങൾക്ക് ശേഷമാണ് മടങ്ങിയെത്തുന്നത്

 ഈ സമയം വീടുകളിൽ ഒറ്റപ്പെടുന്ന പെൺകുട്ടികളെയാണ് ചൂഷണം ചെയ്യുന്നത്

പഠനവും പാതിവഴിയിൽ

 ആറ് ജനവാസ കേന്ദ്രങ്ങളിലായി 300 ഓളം കുട്ടികൾ

 ഇവരിൽ ഭൂരിഭാഗവും സമീപത്തെ അച്ചൻകോവിൽ എൽ.പി.എസും എച്ച്.എസ്.എസും കണ്ടിട്ടേയില്ല

 പോയവരിൽ പലരും പാതിവഴിയിൽ പഠനം അവസാനിപ്പിക്കുന്നു

 ഇവർ രക്ഷിതാക്കൾക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നു

ലഹരി അരിഷ്ടത്തിന് ഇരട്ടി കിക്ക്

തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവരുന്ന മദ്യം പോലെ ലഹരിയുള്ള അരിഷ്ടം ആദിവാസി മേഖലയിലെ ചെറിയ കുട്ടികളടക്കം സ്ഥിരമായി ഉപയോഗിക്കുന്നതായും കണ്ടെത്തി. ഒരു കുപ്പി അരിഷ്ടത്തിന് നൂറ് രൂപ മാത്രമാണ് വില.

കുട്ടികളെ സ്കൂളിലെത്തിക്കാനും പഠനം ഉപേക്ഷിക്കുന്നവരെ മടക്കിയെത്തിക്കാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, പൊലീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരടങ്ങിയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

സനൽ വെള്ളിമൺ, ജില്ലാ ചെയർമാൻ

ചൈൽഡ് വെൽഫെയർ കമ്മിറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL