SignIn
Kerala Kaumudi Online
Wednesday, 16 September 2026 9.00 PM IST

അച്ചൻകോവിലിലെ റേഷൻകടയിൽ 8000 കിലോ ഭക്ഷ്യധാന്യം കുറവ്

കൊല്ലം: റേഷൻകടകളിൽ നിന്ന് ഭക്ഷ്യധാന്യ കടത്ത് വീണ്ടും വ്യാപകമാകുന്നു. സിവിൽ സപ്ലൈസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ നടത്തിയ പരിശോധനയിൽ അച്ചൻകോവിലിലെ റേഷൻകടയിൽ 8000 കിലോ റേഷൻ ഭക്ഷ്യധാന്യങ്ങളുടെ കുറവ് കണ്ടെത്തി.

ഇതിന്റ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ കടകളിൽ മിന്നൽ പരിശോധനയ്ക്ക് സാദ്ധ്യതയുണ്ട്. ബയോ മെട്രിക് സംവിധാനവും ഒ.ടി.പിയും വന്നതോടെ തൂക്കത്തിൽ വെട്ടിപ്പ് നടത്തിയാണ് ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തുന്നത്. എ.എ.വൈ കാർഡുകൾ കൂടുതലുള്ള വനമേഖലയോട് ചേർന്നുള്ള ചില കടകളിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നതെന്ന് പൊതുവിതരണ വകുപ്പ് അധികൃതർ പറയുന്നു.

ഒരു എ.എ.വൈ കാർഡിന് ഒരുമാസം 35 കിലോ ഭക്ഷ്യധാന്യമാണുള്ളത്. 35 കിലോയുടെയും ബില്ല് അടച്ച ശേഷം അളവിൽ കുറച്ചേ കൊടുക്കാറുള്ളു. ഇങ്ങനെ വെട്ടിക്കുന്ന ഭക്ഷ്യധാന്യമാണ് കരിഞ്ചന്തയിലേക്ക് കടത്തുന്നത്. ചില ഇനങ്ങൾ വേണ്ടെന്ന് പറയുന്നവർക്ക് അവരുടെ റേഷൻ വിഹിതത്തിന്റെ പൂർണമായ ബിൽ അടിച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. മിന്നൽ പരിശോധന മുൻകൂട്ടി അറിഞ്ഞ അച്ചൻകോവിലിലെ റേഷൻകടക്കാരൻ കടപൂട്ടി സ്ഥലം വിട്ടിരുന്നു. പിന്നീട് വിളിച്ചുവരുത്തി കടതുറപ്പിച്ച് നടത്തിയ പരിശോധനയിലാണ് സ്റ്റോക്കിൽ വൻ കുറവ് കണ്ടെത്തിയത്.

കടത്തുന്നത് തമിഴ്നാട്ടിലേക്ക്

ജില്ലയുടെ കിഴക്കൻ മേഖലയിലെ ചില റേഷൻ കടകളിൽ നിന്ന് പച്ചരി സംഭരിച്ച് തമിഴ്നാട്ടിലേക്ക് കടത്തുന്ന ലോബി പ്രവർത്തിക്കുന്നുണ്ട്. ഈ ഭാഗത്തെ വീടുകളിൽ നിന്നും പച്ചരി സംഭരിക്കുന്നുണ്ട്. റേഷൻകടകളിലെ ചണ ചാക്കുകളിൽ നിന്ന് പ്ലാസ്റ്റിക് ചാക്കുകളിലാക്കിയാണ് രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിക്കുന്നതെങ്കിലും പൊതുവിപണിയിൽ ലഭ്യമല്ലാത്ത ഫോർട്ടിഫൈഡ് റൈസായതിനാൽ റേഷൻ ഭക്ഷ്യധാന്യമാണെന്ന് വേഗത്തിൽ സ്ഥിരീകരിക്കാനാകും. ഇത്തരത്തിൽ കടത്താൻ സൂക്ഷിച്ചിരുന്ന 2000 കിലോ ഭക്ഷ്യധാന്യം അടുത്തിടെ തെന്മലയിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL