
കൊല്ലം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ കൊറ്റങ്കര ആലുംമൂട് ബിൻസി ഭവനിൽ ബിജു ജോർജ് (55,മൊട്ടബിജു) പിടിയിൽ. കൊട്ടാരക്കര നെല്ലിക്കുന്നം തുടന്തല മഠത്തിൽ ഭൂതത്താൻകാവ് സദാശിവമൂർത്തി ക്ഷേത്രത്തിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊട്ടാരക്കര പൊലീസ് ബിജു ജോർജിനെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ ഓഫീസ് മുറി കുത്തിത്തുറന്ന് 9500 രൂപയും വഞ്ചിയിൽ നിന്ന് രണ്ടായിരത്തിലധികം രൂപയും ഇയാൾ കവർന്നിരുന്നു. മോഷണശേഷം തമിഴ്നാട്ടിലേക്ക് പ്രതി കടന്നതായി സൂചനകൾ ലഭിച്ചിരുന്നു. തമിഴ്നാട്ടിലും പൊലീസ് അന്വേഷണം നടത്തി. ഇതിനിടയിൽ വർക്കലയിൽ പ്രതി എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചു. എസ്.ഐമാരായ അഭിലാഷ്, ജയകുമാർ, സി.പി.ഒമാരായ ശ്യാം കൃഷ്ണൻ, ദീപക്, അസർ എന്നിവരടങ്ങുന്ന സംഘം വർക്കലയിലെത്തി വിദഗ്ദ്ധമായി കീഴടക്കുകയായിരുന്നു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജാമ്യത്തിലിറങ്ങി മോഷണം
വർഷങ്ങളായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയാണ് ബിജു ജോർജ്. നിരവധി തവണ പിടിക്കപ്പെട്ടിട്ടുമുണ്ട്. ജാമ്യത്തിലിറങ്ങിയാൽ വീണ്ടും മോഷണം നടത്തും. കിട്ടുന്ന തുകയ്ക്ക് ആഡംബര ജീവിതം നയിക്കും. മദ്യപിക്കാനടക്കം വലിയ തുക ചെലവാക്കാറുമുണ്ട്. വസ്ത്ര ധാരണത്തിൽ പതിവ് ശൈലികളില്ല. എഴുകോൺ പരിധിയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയതിനാണ് ഏറ്റവും ഒടുവിൽ പൊലീസ് പിടികൂടിയത്. ഈ കേസിൽ അടുത്തിടെ ജാമ്യത്തിലിറങ്ങി. തുടർന്നാണ് നെല്ലിക്കുന്നം തുടന്തല ക്ഷേത്രത്തിൽ മോഷണം നടത്തിയത്. മറ്റ് ചില ക്ഷേത്രങ്ങളിൽ മോഷണം നടത്താനുള്ള പദ്ധതി തയ്യാറാക്കി വച്ചിരുന്നു. അതിനിടയിൽ പൊലീസിന്റെ വലയിൽ അകപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |