കൊല്ലം: ദേവസ്വം ബോർഡിന് കീഴിലുള്ള ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലെ കൊള്ള സി.ബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി റവന്യൂ ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഉദ്ഘാടന പ്രസംഗത്തിന് ശേഷം ബി.ജെ.പി പ്രവർത്തകർ ബാരിക്കേഡ് കടന്ന് കളക്ടറേറ്റിന് ഉള്ളിലേയ്ക്ക് കടക്കാൻ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടതോടെ ബി.ജെ.പി, മഹിളാമോർച്ച പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി നിൽക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന് കളക്ടറേറ്റ് വളപ്പിൽ ചാടിക്കടന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചു. ഇതിനിടയിൽ മഹിളാമോർച്ച പ്രവർത്തകർ വീഴുകയും ചെയ്തു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ക്ഷേത്രങ്ങൾ തകർത്തതിലും സ്വത്ത് കൊള്ളയടിച്ചതിലും മുന്നിലായിരുന്ന വർഗീയവാദി ടിപ്പുവിന്റെ ചെയ്തികൾക്ക് വെല്ലുവിളി ഉയർത്തുന്ന ക്ഷേത്ര കൊള്ളയാണ് പിണറായി നടത്തുന്നതെന്നും അഭിനവ ടിപ്പുവായി പിണറായി മാറിയതായും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.
വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് അദ്ധ്യക്ഷനായി. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ്, തിരുവനന്തപുരം മേഖല ജനറൽ സെക്രട്ടറി എ.ജി.ശ്രീകുമാർ, സംസ്ഥാന വക്താവ് റിട്ട.കേണൽ ഡിന്നി, ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എസ്.ജിതിൻ ദേവ്, പ്രകാശ് പാപ്പാടി, ഇടവട്ടം വിനോദ്, അഡ്വ. വയയ്ക്കൽ സോമൻ, അരുൺ, ആലഞ്ചേരി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |