കൊല്ലം: ഫാത്തിമ മാതാ കോളേജിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് രണ്ടാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെ.എസ്.യു-അദ്ധ്യാപക-മാനേജ്മെന്റ് കൂട്ടുകെട്ട് നടത്തുന്ന ശ്രമത്തിനെതിരെ എസ്.എഫ്.ഐ ഫയൽചെയ്ത ഹർജിയിലാണ് നടപടി. റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിലാണ് കോളേജിൽ ക്രമക്കേടുകൾ നടത്തുന്നതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. സംഭവത്തിൽ, സർവകലാശാലയോട് അന്വേഷണത്തിന്റെ പുരോഗതി എവിടെ വരെയായെന്നും എന്തു നടപടിയെടുത്തെന്നും കോടതി ആരാഞ്ഞു. എസ്.എഫ്.ഐയ്ക്കായി അഡ്വ. കിഷോർ.ആർ കല്ലുംതാഴം ഹാജരായി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 75 ശതമാനം ഹാജർ വേണമെന്ന സർവകലാശാല ഉത്തരവ് നിലനിൽക്കെ ഒരു മാനദണ്ഡവും ഇല്ലാതെ ഒറ്റ ദിവസം കൊണ്ട് ഹാജർ കൂട്ടിനൽകി കെ.എസ്.യു പ്രതിനിധികളുടെ നോമിനേഷൻ സ്വീകരിച്ചിരുന്നു. വിദ്യാർത്ഥി പ്രതിനിധികൾ ഇല്ലാതെ നാമനിർദ്ദേശ പത്രികയുടെ സ്ക്രൂട്ടണി നടത്തുകയും, സ്ക്രൂട്ടണി ശേഷം ഇട്ട ലിസ്റ്റിലും അന്തിമ സ്ഥാനാർത്ഥി പട്ടികയിലും ഇല്ലാത്ത ആളുകളെ തിരുകി കേറ്റി പിന്നീട് ലിസ്റ്റ് ഇട്ടതിലും പ്രതിഷേധിച്ച് ബുധനാഴ്ച എസ്.എഫ്.ഐ കോളേജിലേക്ക് മാർച്ച് നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |