
കൊല്ലം: ലക്ഷങ്ങൾ ചെലവഴിച്ച് കോർപ്പറേഷൻ സ്ഥാപിച്ച കാമറകൾ പോലും വകവയ്ക്കാതെ കൊല്ലം തോടിന്റെ വശങ്ങളിൽ മാലിന്യം തള്ളുന്നു. കൊച്ചുപിലാംമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡിൽ പണ്ടകശാല പാലത്തോട് ചേർന്നുള്ള ഭാഗത്താണ് വലിയ കെട്ടുകളായി മാലിന്യം തോട്ടിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്.
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനോട് ചേർന്ന് എട്ട് മാസം മുമ്പ് കോർപ്പറേഷൻ കാമറ സ്ഥാപിച്ചെങ്കിലും അറവ് മാലിന്യങ്ങളും പച്ചക്കറി കടകളിലെയും ഉൾപ്പടെ മാലിന്യം ചാക്ക് കണക്കിന് ഇവിടെ കുന്നുകൂടി കിടക്കുകയാണ്.
എത്ര തവണ ശുചീകരിച്ചാലും ദിവസങ്ങൾക്കകം തോട്ടിലും കരയിലും മാലിന്യം കുന്നുകൂടുന്നതാണ് കൊല്ലം തോട് നേരിടുന്ന പ്രധാന പ്രശ്നം. രാത്രിയുടെ മറവിൽ ഹോട്ടലുകളിലെ പഴകിയ ഭക്ഷണാവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും വാഹനങ്ങളിലെത്തിച്ച് തോട്ടിലേക്ക് തള്ളുന്നുണ്ട്.
പകർച്ചാവ്യാധി ഭീഷണി
മാലിന്യം ചീഞ്ഞഴുകി അസഹ്യമായ ദുർഗന്ധം വമിക്കുന്നു
തോടിന്റെ കരയിലെ റോഡിലൂടെ മൂക്കുപൊത്താതെ സഞ്ചരിക്കാനാവില്ല
മാലിന്യങ്ങൾ കെട്ടിക്കിടന്ന് തോട്ടിലെ ഒഴുക്ക് നിലച്ചു
കൊതുക് ശല്യവും പെരുകി
തോടിന്റെ കരയിലുള്ളവർ പകർച്ചാവ്യാധി ഭീഷണിയിൽ
നടപടി സ്വീകരിക്കാതെ അധികൃതർ
മാലിന്യം തള്ളൽ വ്യാപകമായിട്ടും ഇത്തരക്കാരെ പിടികൂടാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. അടിയന്തരമായി തോട് വൃത്തിയാക്കണം. മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.
കാമറ നോക്കി ഇവിടെ മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ നടപടി സ്വീകരിക്കണം.
ടോമി, പള്ളിത്തോട്ടം കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |