SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

ക്വാറി ഉത്പന്നങ്ങൾ കേരളത്തിന് നൽകുന്നില്ല ,​ തമിഴ്നാട് പാലം വലിച്ചു, തകർന്ന് നിർമ്മാണ മേഖല

വില കുതിച്ചുയരുന്നു, നിലതെറ്റി കരാറുകാർ

കൊല്ലം: സംസ്ഥാനത്തെ നി​ർമ്മാണ പ്രവർത്തനങ്ങളെ പ്രതി​സന്ധി​യി​ലാക്കി​ ക്വാറി ഉത്പന്നങ്ങളുടെ വില കുതിച്ചുയരുന്നു.

തമിഴ്നാട്ടിൽ നിന്നുള്ള വരവ് നിലച്ചതോടെ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ക്വാറി ഉത്പന്നങ്ങൾക്ക് ശരാശരി ഒൻപത് രൂപയുടെ (ക്യുബി​ക് അടി​) വർദ്ധനവാണുണ്ടായത്.

ജൂലായ് 9നാണ് തമിഴ്നാട് സർക്കാർ, സംസ്ഥാനത്തിന് പുറത്ത് ക്വാറി ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിന് പിന്നാലെ കേരളത്തിൽ വില ഉയർന്നു. കേരളത്തി​ൽ പത്ത് വർഷം മുമ്പ് 4900 ക്വാറികളുണ്ടായിരുന്നു. നി​ലവി​ൽ പ്രവർത്തി​ക്കുന്നത് 219 എണ്ണം മാത്രം. ജില്ലയിൽ ആകെയുള്ളത് 11 ക്വാറികൾ. ഇവിടങ്ങളിൽ കാര്യമായി ഖനനം ഇല്ലാത്തതിനാൽ തമി​ഴ്നാടി​നെയാണ് കരാറുകാർ ആശ്രയി​ച്ചി​രുന്നത്.

ജില്ലയിൽ നേരത്തേയുണ്ടായിരുന്ന 240 ഓളം ക്വാറികൾ കൂട്ടത്തോടെ അടഞ്ഞപ്പോൾ അവയെ ആശ്രയിച്ചിരുന്ന വലിയൊരു വിഭാഗം ക്രഷറുകൾക്കും താഴ് വീണു. അതോടെ തമിഴ്നാട്ടിൽ നിന്ന് ക്വാറി ഉത്പന്നങ്ങൾ എത്തിച്ച് വിൽക്കുന്ന യാർഡുകൾ ജില്ലയിൽ വ്യാപകമായി. വരവ് നിലച്ചതോടെ യാർഡുകളും കാലിയായി. കോന്നിയിൽ നിന്ന് പാറ എത്തിച്ചാണ് അവശേഷിക്കുന്ന ക്രഷറുകൾ പ്രവർത്തിക്കുന്നത്. ഡിമാൻഡ് പെട്ടെന്ന് ഉയർന്നതോടെ ക്രഷറുകൾ കുത്തനെ വില ഉയർത്തുകയാണ്.

 തൊഴിലാളികൾ പട്ടിണിയാകും

ക്വാറി ഉത്പന്നങ്ങൾക്ക് ക്ഷാമം രൂക്ഷമായാൽ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ച് ഈ മേഖലയിലെ തൊഴിലാളികൾ പട്ടിണിയാകും. മറ്റ് നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങളിലെ കച്ചവടവും ഇടിയും. ലോറി, ചുമട് അടക്കമുള്ള തൊഴിലാളികൾക്കും ഇത് തി​രി​ച്ചടി​യാവും,

ക്വാറി ഉത്പന്നം, നി​ലവി​ലെ വില, ജൂലായ് ആദ്യം വി​ല (ക്യുബിക്ക് അടി)

 എം സാൻഡ്: 72-80, 60-62

 മുക്കാൽ ഇഞ്ച് മെറ്റൽ: 55, 45- 48

 ഒന്നരയിഞ്ച് മെറ്റൽ: 55, 45-48

 പാറപ്പൊടി: 50, 41-42

ക്വാറി ഉത്പന്നങ്ങളുടെ വില ഉയർന്നതിനൊപ്പം ക്ഷാമവും രൂപപ്പെട്ടതോടെ നിർമ്മാണ മേഖല സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. പഴയ നിരക്ക് പ്രകാരമുള്ള കരാറുകൾ പൂർത്തിയാക്കാനാകാതെ കോൺട്രാക്ടർമാർ വല്ലാതെ ബുദ്ധിമുട്ടുന്നു. പ്രശ്നം പരിഹരിക്കാനുള്ള അടിയന്തര ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം

എസ്. ബൈജു (ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്)

......................................

സംസ്ഥാന പരിസ്ഥിതി കമ്മിറ്റി അനുമതി നൽകുന്ന ക്വാറികൾക്ക് ലൈസൻസ് നൽകി കേരളത്തിൽ പാറ ഖനനം അടിയന്തരമായി വർദ്ധിപ്പിക്കണം. കൂടുതൽ ക്വാറികൾ തുറക്കുമ്പോൾ അടഞ്ഞുകിടക്കുന്ന മുഴുവൻ ക്രഷറുകളും തുറക്കും. ഇതോടെ ക്ഷാമത്തിന് പരിഹാരമാകും

ആക്കാവിള സതീക്ക് (ക്വാറി ഇ.സി ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL