ഓണവിപണിയിലേക്കുള്ള കൃഷികൾക്ക് വ്യാപകനാശം
കൊല്ലം: ജില്ലയിൽ കാട്ടുപന്നികൾ പകൽപോലെ വിഹരിക്കുന്നതിന് പിന്നാലെ മറ്റൊരു ശല്യമായി മുള്ളൻപന്നികളും. ഇവ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കാൻ തുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് കർഷകർ.
ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയവരിൽ പലർക്കും ഇതിനോടകം വൻ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. പത്തനാപുരം, പുനലൂർ, അഞ്ചൽ, കൊട്ടാരക്കര തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുള്ളൻപന്നികളുടെ ശല്യം വലിയ തലവേദനയായിട്ടുണ്ട്. മുമ്പ് രാത്രികാലങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന കാട്ടുപന്നികൾ ഇപ്പോൾ പകൽസമയങ്ങളിലും കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് ഇരച്ചുകയറുന്ന അവസ്ഥയാണ്. ഏക്കർ കണക്കിന് സ്ഥലത്തെ വാഴ, കപ്പ, ചേമ്പ്, ചേന, പച്ചക്കറികൾ എന്നിവയെല്ലാം പന്നിക്കൂട്ടങ്ങൾ കുത്തിമറിച്ച് നശിപ്പിക്കുകയാണ്.
ഓണ പ്രതീക്ഷയിൽ വായ്പയെടുത്തും സ്വർണം പണയംവെച്ചും കൃഷിയിറക്കിയവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വിളവെടുപ്പിന് പാകമായ പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും ദിവസങ്ങൾക്കുള്ളിൽ ഈ മൃഗങ്ങൾ നശിപ്പിച്ചു. പലർക്കും മുതൽമുടക്ക് പോലും തിരികെ ലഭിക്കാത്ത സാഹചര്യമാണുള്ളത്. വന്യമൃഗങ്ങളെ ഭയന്ന് കൃഷിയിടത്തിലേക്ക് ഇറങ്ങാൻ പോലും കർഷകർക്ക് കഴിയുന്നില്ല.
നിരവധി തവണ വനംവകുപ്പ് അധികൃതർക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും പരാതി നൽകിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് കർഷകർ ആക്ഷേപിക്കുന്നു. അടിയന്തരമായി നഷ്ടപരിഹാരം നൽകാനും, കാട്ടുപന്നികളെ പ്രതിരോധിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാനും അധികൃതർ തയ്യാറാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
മുള്ളൻമാർ രാത്രിയിൽ!
രാത്രികാലങ്ങളിളാണ് മുള്ളൻപന്നികളുടെ വിളയാട്ടം. പതുങ്ങിയെത്തി കിഴങ്ങുവർഗ്ഗങ്ങളും പച്ചക്കറികളും കടിച്ചുമുറിച്ച് നശിപ്പിക്കുന്നതാണ് ഇവയുടെ രീതി. ചെറിയ വേലികളും മറ്റും തകർത്താണ് ഇവ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. ഒരേസമയം കാട്ടുപന്നികളും മുള്ളൻപന്നികളും കൃഷിയിടം കയ്യേറുമ്പോൾ കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ കർഷകർക്ക് കഴിയുന്നുള്ളൂ.
കാട്ടുപന്നിയെ ഭയന്ന് കൃഷിയിടത്തിലേക്ക് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.വാഴകളെല്ലാം പന്നികൾ കുത്തിമറിച്ചിട്ടു, ചീനി ഒരു മൂട് പോലും ബാക്കിയില്ല, എല്ലാം പോയി.- ബേബി ഡാനിയേൽ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |