കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും അപ്രഖ്യാപിത വൈദ്യുതി മുടക്കവും കടുത്ത വോൾട്ടേജ് ക്ഷാമവും പതിവാകുന്നു. രാത്രികാലങ്ങളിൽ യാതൊരു സമയക്രമവുമില്ലാതെ നിരന്തരം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുകയാണ്.
ഫോൺ എടുക്കുന്നില്ലെന്ന് പരാതി
വൈദ്യുതി മുടങ്ങുമ്പോൾ വിവരങ്ങൾ അറിയുന്നതിനായി കരുനാഗപ്പള്ളി വൈദ്യുതി ഭവൻ ഓഫീസിലേക്ക് വിളിച്ചാൽ ഫോൺ എടുക്കാൻ ജീവനക്കാർ തയ്യാറാകുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പ്രധാന പരാതി.
മണിക്കൂറുകൾക്ക് ശേഷം വൈദ്യുതി തിരിച്ചെത്തിയാലും രൂക്ഷമായ വോൾട്ടേജ് ക്ഷാമമാണ് അനുഭവപ്പെടുന്നത്. സന്ധ്യയ്ക്ക് 7 മണി മുതൽ രാത്രി 11 മണി വരെ വോൾട്ടേജ് തികച്ചും കുറഞ്ഞ നിലയിലായിരിക്കും. ലൈറ്റുകൾ തെളിഞ്ഞാലും തൊട്ടടുത്തിരിക്കുന്ന വസ്തുക്കൾ പോലും വ്യക്തമായി കാണാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ഗാർഹിക ഉപകരണങ്ങൾ കേടാകുന്നു
തുടർച്ചയായുണ്ടാകുന്ന കറന്റ് കട്ടും വോൾട്ടേജിലെ വലിയ വ്യതിയാനങ്ങളും മൂലം വീടുകളിലെ ഫ്രിഡ്ജ്, ടി.വി ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കേടാകുന്നത് പതിവായിരിക്കുകയാണ്. വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |