അനാഥമായി കിടക്കുന്നത് പത്ത് ഏക്കർ
കൊല്ലം: ലക്ഷങ്ങൾ വിലവരുന്ന യന്ത്രങ്ങൾ തുരുമ്പെടുക്കുന്നു, കോടികൾ വിലമതിക്കുന്ന പത്തേക്കറോളം ഭൂമി കാടുമൂടി ഇഴജന്തുക്കളുടെ താവളമായി..പെരുമൺ ഹൈടെക് കയർ പാർക്കിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് പ്രധാന കാരണം അധികൃതരുടെ ദുരവസ്ഥയെന്ന് നിസംശയം പറയാം. ജില്ലയിൽ പുതുതായി അനുവദിക്കുന്ന സർക്കാർ കോളേജ് ഇവിടെ സ്ഥാപിച്ച് ഭൂമി പ്രയോജനപ്പെടുത്തണമെന്നാണ് നാടിന്റെ ആവശ്യം.
അരനൂറ്റാണ്ട് മുൻപ് റഷ്യൻ സഹായത്തോടെ റിഫ്രാക്ടറി ഫാക്ടറി സ്ഥാപിക്കാനാണ് സർക്കാർ ഇവിടെ 35 ഏക്കർ ഏറ്റെടുത്തത്. പദ്ധതി ഉപേക്ഷിച്ചതോടെ 25 ഏക്കർ കേപ്പിന് കൈമാറി പെരുമൺ എൻജിനിയറിംഗ് കോളേജ് സ്ഥാപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കോളേജ് ചക്രശ്വാസം വലിക്കുകയാണ്. അദ്ധ്യാപകർക്ക് അർഹമായ പ്രൊമോഷൻ പോലുമില്ല. ബാക്കിയുള്ള സ്ഥലത്താണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഹൈടെക് കയർ പാർക്ക് വന്നത്. 2003 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച പാർക്കിൽ തുടക്കത്തിൽ കയറ്റുപായ് നിർമ്മാണത്തിലടക്കം ഒട്ടേറെ തൊഴിലാളികൾക്ക് പരിശീലനം നൽകിയിരുന്നു. പിന്നീട് വ്യവസായം അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറിയതോടെ പ്രവർത്തനങ്ങൾ നിലച്ചു.
ഭൂമി സർക്കാർ തിരികെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർക്കിന്റെ നടത്തിപ്പുകാരായ നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.സി.ആർ.എം.ഐ) റവന്യു വകുപ്പിന് കത്ത് നൽകിക്കഴിഞ്ഞു. ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട 95 കേസുകളിൽ ഭീമമായ നഷ്ടപരിഹാര തുക നൽകേണ്ടത് എൻ.സി.ആർ.എം.ഐയാണ്. എന്നാൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ ഈ തുക നൽകാൻ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. പാർക്കിന്റെ പ്രവർത്തനം നിലച്ചിട്ടില്ലെന്നും സ്ത്രീകൾക്ക് ഇപ്പോഴും പരിശീലനം നൽകുന്നുണ്ടെന്നുമാണ് സർക്കാരിന്റെ വാദം.
ഹൈടെക് കയർ പാർക്ക് - യുണിഡോ
ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ യൂണിഡോയ്ക്ക് (യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷൻ) കീഴിൽ കെനിയയിൽ നടപ്പാക്കുന്ന കയർ പദ്ധതിക്ക് സാങ്കേതിക സഹായം നൽകാൻ ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് ഹൈടെക് കയർ പാർക്ക് ആയിരുന്നു. ലോകനിലവാരത്തിൽ കയർ ഉത്പന്നങ്ങൾ നിർമ്മിച്ച് കയറ്റുമതി ചെയ്യാനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ടായിരുന്നു
ഫണ്ട് വകമാറ്റം
വ്യവസായ വകുപ്പ് ഹൈടെക് കയർ പാർക്കിന് അനുവദിച്ച 1 കോടി രൂപയിൽ 80 ലക്ഷം രൂപ സി ഡോക്ടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കുടപ്പനക്കുന്ന് എൻ.സി.ആർ.എം.ഐ കെട്ടിടം പണിയാൻ വകമാറ്റിയെന്ന് 2001ൽ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി കണ്ടെത്തി. അതായത് കയർ പാർക്കിന് വന്ന ഫണ്ട് കെട്ടിടത്തിനു പോയി. ഹൈടെക് കയർ പാർക്കിൽ ഒരു യന്ത്രം വാങ്ങിയതൊഴിച്ചാൽ മറ്റൊരു പുരോഗതിയും ഉണ്ടായില്ല. ആസൂത്രണമില്ലായ്മയും ഫണ്ട് വകമാറ്റവും കാരണം, ലോകനിലവാരത്തിലേക്ക് ഉയരേണ്ടിയിരുന്ന കേന്ദ്രം തകർന്നു എന്നാണ് ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |