SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.08 AM IST

കെ.എം.എസ്.സി.എല്ലിന്റെ കരിക്കോട്ടെ ഗോ‌ഡൗൺ മരുന്നുകളുടെ ശ്മശാനം!

ഉപയോഗ ശൂന്യമായ മരുന്നുകൾ കെട്ടിക്കിടക്കുന്നു

കൊല്ലം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കരിക്കോടുള്ള ഗോഡൗണിൽ ഉപയോഗശൂന്യമായ മരുന്നുകളും പി.പി.ഇ കിറ്റുകളും കെട്ടിക്കിടക്കുന്നു. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയവയും പരാതി​യെത്തുടർന്ന് ആശുപത്രികളിൽ നിന്ന് തി​രി​കെ എടുത്തവയുമാണ് 15000 ചതുരശ്രയടി സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത്.

ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ഗുണനിലവാര പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.എം.എസ്.സി.എൽ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് സ്വകാര്യ കമ്പനികളിൽ നിന്നു വാങ്ങേണ്ടത്. എന്നാൽ ഉദ്യോഗസ്ഥർ വലിയ ഓർഡർ കൊടുത്ത് മരുന്ന് വാങ്ങിയ ശേഷമായി​രി​ക്കും പരി​ശോധനയ്ക്ക് അയയ്ക്കുന്നത്. ഗുണനി​ലവാരമി​ല്ലെന്ന് കണ്ടെത്തുന്നവ കമ്പനി​കൾ തി​രി​ച്ചെടുക്കി​ല്ല. ചില മരുന്നുകൾ ആശുപത്രികൾക്ക് കൈമാറിക്കഴിയുമ്പോൾ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതി ഉയരും. ഇവ കൂട്ടത്തോടെ തിരിച്ചെടുക്കും.

കൊല്ലത്തിന് പുറമേ നാല് സമീപ ജില്ലകളിൽ നിന്നുൾപ്പെടെ 2008 മുതൽ 2019 വരെ തിരിച്ചെടുത്ത മരുന്നുകളും കിറ്റുകളുമാണ് കരിക്കോട് ഗോഡൗണിൽ കൂട്ടിയിട്ടിരിക്കുന്നത്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകൾ ആശുപത്രികളിലും കെട്ടിക്കിടപ്പുണ്ട്. കൊവിഡ് നിയന്ത്രണ വിധേയമായതോടെ കാര്യമായ ഉപയോഗമില്ലാതെ വന്ന പി.പി.ഇ കിറ്റുകളും ഗോഡൗണിലുണ്ട്. ഇവ 2020ന് ശേഷം വാങ്ങിയതാണ്.

 കമ്മിഷൻ ഇടപാട്

ഗുണനി​ലവാര പരി​ശോധനയുടെ റി​പ്പോർട്ട് വരുന്നതി​നു മുമ്പ് കമ്പനി​കളി​ൽ നി​ന്ന് മരുന്നുകൾ കൂടുതലായി​ൽ വാങ്ങുന്നതി​ന് പി​ന്നി​ൽ കമ്മി​ഷൻ ഇടപാടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. കമ്പനികൾ ഗുണനിലവാരമുള്ള മരുന്നുകൾ കാട്ടി കെ.എം.എസ്.സി.എല്ലുമായി കരാർ ഉറപ്പിച്ച ശേഷം നിലവാരമില്ലാത്തവ വിതരണം ചെയ്യുന്നുവെന്നും പരാതിയുണ്ട്. വിതരണത്തിന് എത്തിച്ച മരുന്ന് പെട്ടെന്ന് പിൻവലിക്കുന്നത് ആശുപത്രികളിൽ പലപ്പോഴും മരുന്ന് ക്ഷാമത്തിനും ഇടയാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL