ഇടപെട്ടത് ദേശീയപാത അതോറിട്ടി
കൊല്ലം: ദേശീയപാത 66 ആറുവരി വികസനത്തിന്റെ ഭാഗമായുള്ള മൈലക്കാട് ഫ്ലൈ ഓവറിന്റെയും കല്ലുന്താഴത്തെ പുതിയ ആർ.ഒ.ബിയുടെയും നിർമ്മാണം ഒന്നരമാസത്തിനകം പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് ദേശീയപാത അതോറിട്ടിയുടെ അന്ത്യശാസനം. കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ ടോൾ പിരിവ് വൈകാതെ ആരംഭിക്കാനാണ് ഇടപെടൽ.
ഇക്കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച് അതിവേഗം മുന്നോട്ടു നീങ്ങിയ മൈലക്കാട്ടെ നിർമ്മാണത്തെ കഴിഞ്ഞമാസം തുടർച്ചയായി പെയ്ത മഴ സാരമായി ബാധിച്ചിരുന്നു. പുതിയ നാല് സ്പാനുകൾ കൂടി സ്ഥാപിക്കാനുള്ള നിർമ്മാണം, പിയർ ക്യാപ്പുകളുടെ കോൺക്രീറ്റിംഗ് എന്നിവ അന്തിമഘട്ടത്തിലാണ്. അവയ്ക്ക് മുകളിൽ സ്ഥാപിക്കാനുള്ള ഗർഡറുകളുടെ കോൺക്രീറ്റിംഗ് നേരത്തെ പൂർത്തിയായിരുന്നു. പിയർ ക്യാപ്പുകൾ ഉറയ്ക്കാനുള്ള സമയപരിധി കഴിഞ്ഞാലുടൻ ഗർഡറുകൾ സ്ഥാപിച്ച് സ്പാനുകളുടെ കോൺക്രീറ്റിംഗ് നടക്കും.
ടാറിംഗ് അടക്കം പൂർത്തിയാക്കി ഫ്ലൈ ഓവറിന്റെ നിർമ്മാണം ഒന്നര മാസത്തിനകം തീർക്കാനാകുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. മൈലക്കാട്ട് നിർമ്മാണത്തിലിരുന്ന ഉയരപ്പാത തകർന്നതിന്റെ പേരിൽ കരിമ്പട്ടികയിൽപ്പെടുത്തുന്നത് ഒഴിവാക്കാൻ കരാർ കമ്പനി സ്വന്തം ചെലവിലാണ് മൈലക്കാട് ഫ്ലൈ ഓവർ നിർമ്മിക്കുന്നത്.
കല്ലുന്താഴത്തെ പുതിയ ഫ്ലൈ ഓവറിന്റെ ഗർഡറുകൾ സ്ഥാപിച്ചു. ഇനി സ്ലാബുകളുടെ കോൺക്രീറ്റിംഗ്, ടാറിംഗ്, ക്രാഷ് ബാരിയർ നിർമ്മാണം, ഇരുവശത്തെയും റോഡ് അപ്രോച്ചിൽ മണ്ണ് നിറയ്ക്കൽ, ടാറിംഗ് എന്നിവ ബാക്കിയുണ്ട്. മേവറത്തും കടവൂരും പുതുതായി അനുവദിച്ച ഫ്ലൈ ഓവറുകൾ പൂർത്തിയാക്കാൻ 2027 ജൂൺ വരെ സമയം നൽകി. കടവൂരിൽ പൈലുകൾ പൂർത്തിയായി. മേവറത്ത് പൈലിംഗ് തുടങ്ങിയില്ല.
പുതിയ ഫ്ലൈ ഓവറുകൾ
മൈലക്കാട്
നിലവിലെ 30 മീറ്റർ സ്പാനിന് പുറമേ 120 മീറ്റർ
30 മീറ്റർ വീതമുള്ള നാല് സ്പാൻ കൊട്ടിയം ഭാഗത്തേക്ക്
മേവറം
നിലവിലെ 30 മീറ്ററിന് പുറമേ 160 മീറ്റർ
80 മീറ്റർ വീതം ഇരുവശത്തേക്കും
കടവൂർ
440 മീറ്റർ നീളത്തിൽ ഫ്ലൈ ഓവർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |