കൊല്ലം: അഷ്ടമുടിക്കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപ്പാക്കുന്നതിലെ കാലതാമസത്തിൽ കോടതിക്ക് അതൃപ്തി. വിധി പൂർണ്ണമായി നടപ്പാക്കി സത്യവാങ്മൂലം ഈമാസം 9ന് മുമ്പായി സമർപ്പിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
അഡ്വ. ബോറിസ് പോൾ സമർപ്പിച്ച കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി കർശന നിർദേശം നൽകിയത്. 2025 ജൂലായ് 29ലെ വിധിയുടെ അടിസ്ഥാനത്തിൽ അഷ്ടമുടി വെറ്റ്ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനക്ഷമമാക്കാൻ സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി വകുപ്പ് സെക്രട്ടറി നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കായലിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതുക്കിയ സംയോജിത മാസ്റ്റർ പ്ലാനിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടെന്നും അത് സംസ്ഥാന വെറ്റ്ലാൻഡ് അതോറിട്ടിക്ക് സമർപ്പിക്കുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
അഷ്ടമുടി വെറ്റ്ലാൻഡ് അതോറിട്ടിക്ക് കളക്ടറേറ്റിൽ ഓഫീസ് അനുവദിച്ചിട്ടുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു. എന്നാൽ, സർക്കാർ സ്വീകരിച്ച നടപടികൾ പൂർണമായും തൃപ്തികരമല്ലെന്ന് കോടതി വിലയിരുത്തി. വിധി നടപ്പാക്കിയ ശേഷം അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന സത്യവാങ്മൂലത്തിന്റെ പകർപ്പ് ഹർജിക്കാരന്റെ അഭിഭാഷകന് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഹർജിക്കാരനു വേണ്ടി വേണ്ടി അഡ്വ.അജ്മൽ. എ കരുനാഗപ്പള്ളി, അഡ്വ. എം.ജി. അനന്യ, അഡ്വ. പ്രിയങ്ക ശർമ്മ എന്നിവർ ഹാജരായി. കേസ് 9ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |