സൗജന്യ പദ്ധതിയിൽ സഹകരിക്കാതെ സ്വകാര്യ ആശുപത്രികൾ
കൊല്ലം: ജന്മനാ ഹൃദ്രോഗമുള്ള 2351 കുട്ടികൾ ജില്ലയിലുണ്ടായിട്ടും, ഇവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'ഹൃദ്യം' പദ്ധതിയുടെ ഗുണം ലഭിക്കുന്നില്ല. പദ്ധതിയുടെ നിരക്കിലുള്ള ചികിത്സ നൽകാൻ സ്വകാര്യ ആശ്യപത്രികൾ തയ്യാറാവാത്തതാണ് പ്രതിസന്ധി.
ജില്ലയിൽ ചികിത്സയ്ക്ക് ശേഷിയുള്ള നിരവധി സ്വകാര്യ ആശുപത്രികളുണ്ടെങ്കിലും രോഗം കണ്ടെത്തുന്ന കുഞ്ഞുങ്ങളെ കിലോമീറ്ററുകൾ യാത്ര ചെയ്ത് സമീപ ജില്ലകളിലെ എംപാനൽഡ് ആശുപത്രികളിലേക്ക് (പദ്ധതിയുമായി സഹകരിക്കുന്ന ആശുപത്രി) മാറ്റേണ്ട സ്ഥിതിയാണ്. ഹൃദ്യം പദ്ധതിക്ക് സംസ്ഥാനത്താകെ 9 എംപാനൽഡ് ആശുപത്രികൾ മാത്രമാണുള്ളത്.
പദ്ധതികളിൽ പങ്കാളികളായ സ്വകാര്യ ആശുപത്രികളും സർക്കാരും തമ്മിൽ ധാരണപത്രമുണ്ട്. സ്വകാര്യ ആശുപത്രികളിൽ 6 ലക്ഷം വരെ ചെലവാകുന്ന ശസ്ത്രക്രിയകൾക്ക് സർക്കാർ 2 ലക്ഷം രൂപവരെയാകും നിശ്ചയിച്ചിരിക്കുക. ഈതുക തുക പര്യാപ്തമല്ല എന്നാണ് പദ്ധതിയിൽ ചേരാത്ത സ്വകാര്യ ആശുപത്രികളുടെ വാദം. 2017 ആഗസ്റ്റിലാണ് പദ്ധതി ആരംഭിച്ചത്. ജില്ലയിൽ ഇതുവരെ 426 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തി.
പരിശ്രമിച്ചാൽ ഒരുക്കാം
പാരിപ്പള്ളിയിൽ
പാരിപ്പള്ളിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗം ആരംഭിച്ചാൽ ജില്ലയിൽ ഹൃദ്രോഗമുള്ള കുട്ടികൾക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാം. പീഡിയാട്രിക് കാർഡിയോളജിസ്റ്റാണ് ആദ്യം വേണ്ടത്. പീഡിയാട്രിക് ഇക്കോ, ഇ.സി.ജി, മോണിറ്ററിംഗ്, വെന്റിലേറ്റർ, പ്രത്യേകമായി കുട്ടികളുടെ തീവ്രപരിചരണ വിഭാഗം (പി.ഐ.സി.യു) എന്നീ സൗകര്യങ്ങൾ പിന്നാലെ വേണം. ഇവിടെ 8 കോടി മുടക്കി അടുത്തിടെ കാത്ത് ലാബ് തുടങ്ങിയിരുന്നു. ഇതിലെ സൗകര്യങ്ങൾ കൂടി വികസിപ്പിച്ചാൽ കുഞ്ഞുഹൃദയങ്ങൾക്ക് കരുതലാകാൻ പാരിപ്പള്ളിയ്ക്ക് കഴിയും.
പരിശോധന മുതൽ ചികിത്സ വരെ
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ 48 മണിക്കൂറിനുള്ളിൽ സി.എച്ച്.ഡി സ്ക്രീനിംഗ്
സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യകേന്ദ്രങ്ങളിൽ പരിശോധന
രോഗം കണ്ടെത്തിയാൽ കുട്ടിയെ വിക്ടോറിയ ആശുപത്രിയിലെ ഡി.ഇ.ഐ.സി കേന്ദ്രത്തിലെത്തിക്കും
തുടർന്ന് ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് അനുയോജ്യമായ ആശുപത്രിയിലേക്ക് മാറ്റുന്നു
ജില്ലയിൽ 85 ആർ.ബി.എസ്.കെ നഴ്സുമാരും കുട്ടികളെ രജിസ്റ്റർ ചെയ്യുന്നു
യൂണിക് ഐ.ഡിയുള്ള കുട്ടികളെ എംപാനൽഡ് ആശുപത്രികളിലേക്ക് മാറ്റും
അമ്മയ്ക്കും കുഞ്ഞിനും അഡ്മിഷൻ മുതൽ ഡിസ്ചാർജ് വരെ ചികിത്സാ ചെലവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |