
കൊല്ലം: തിരക്കേറിയ റോഡരികിലെ സിമന്റ് സ്ളാബുകളും മൺകൂനയും യാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമാകുന്നു. കളക്ടർ ബംഗ്ളാവിനടുത്തുള്ള വളവിൽ നിന്ന് റെയിൽവേ ഓവർ ബ്രിഡ്ജ്, ചിന്നക്കട, മുണ്ടയ്ക്കൽ, ബീച്ച് എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനത്തിരക്കേറിയ റോഡിന്റെ ഇരുവശത്തുമായിട്ടാണ് സ്ളാബുകളും മൺകൂനയുമുള്ളത്.
ഇതുകാരണം റോഡിന്റെ മദ്ധ്യഭാഗത്തേയ്ക്ക് കയറിയാണ് വാഹനങ്ങളും ജീവൻ പണയം വച്ച് കാൽനട യാത്രക്കാരും സഞ്ചരിക്കുന്നത്. ആളുകൾ നടന്നുപോകുന്ന വഴിയരികിലാണ് ഓട മൂടാനുള്ള സ്ളാബുകളുടെ നിർമ്മാണവും മൺകൂനയുമുള്ളത്. കൂത്താടികൾ വളർന്നുതുടങ്ങിയ വെള്ളം നിറച്ച അഞ്ചു വീപ്പകളും ആഴ്ചകളായി റോഡരികിലുണ്ട്. എതിർവശത്ത് മെറ്റലും മണ്ണും റോഡരികിൽ തള്ളിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇവിടേക്ക് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങളും തള്ളാൻ തുടങ്ങിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ ഈ ഭാഗത്ത് ഒരു തെരുവുവിളക്ക് മാത്രമാണ് പ്രകാശിക്കുന്നത്. കാൽനടക്കാരിൽ പലരും സ്ലാബിൽ തട്ടിവീണ് പരിക്കേൽക്കുന്നതും നിത്യസംഭവമാണ്. റോഡിന്റെ ഇരുവശത്തെയും ഓടയിൽ മലിനജലം കെട്ടിനിൽക്കാൻ തുടങ്ങിയിട്ട് ഒരുവർഷമായി. ഇത് പകർച്ചവ്യാധികളും പരത്തുന്നുണ്ട്. സമീപത്തുള്ള വൻകിട സ്ഥാപനങ്ങളുടെയും മറ്റും മലിനജലക്കുഴൽ ഓടയിലേക്കാണ് സ്ഥാപിച്ചിട്ടുള്ളത്.
പൈപ്പ് ലൈൻ പൊട്ടിയിട്ട് മാസങ്ങൾ
മുണ്ടയ്ക്കൽ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിലുള്ള ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം ഓടയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഈ ഓടയിലേയ്ക്കാണ് സ്വകാര്യ വ്യക്തികൾ മാലിന്യക്കുഴൽ സ്ഥാപിച്ചിരിക്കുന്നത്. നടപ്പാതയിൽ വാർത്തിട്ടിരിക്കുന്ന സിമന്റ് സ്ലാബും മൺകൂനയും അടിയന്തരമായി മാറ്റണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കോർപ്പറേഷൻ ആരോഗ്യവകുപ്പും ജില്ലാ മെഡിക്കൽ ഓഫീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണം.
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |