SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.31 AM IST

മേപ്പി​ൾ തടി​യി​ൽ തട്ടി​ ഇൻഡോർ സ്റ്റേഡി​യം

പൂർത്തിയായിട്ടും സ്റ്റേഡി​യം തുറക്കാനാവുന്നില്ല

കൊല്ലം: മേപ്പിൾ വുഡ് ലഭിക്കാത്തതിനാൽ ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടും തുറക്കാനാവുന്നില്ല.

പണികൾ തീർന്നിട്ട് ഒരു വർഷത്തോളമായി. മേപ്പിൾ തടിക്ക് ഇതുവരെ ഓർഡർ പോലും നൽകിയിട്ടില്ലെന്നാണ് സ്പോർട്സ് കൗൺസിൽ അധികൃതർ വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധികളാണ് കാരണം. വിദേശത്ത് നിന്ന് മേപ്പിൾ വുഡ് ഇറക്കുമതി ചെയ്ത് പാകിയാൽ മാത്രമേ ബാഡ്മിന്റൺ അടക്കമുള്ള 23 കായിക ഇനങ്ങൾക്കായുള്ള കോർട്ടുകളുടെ പണിയും തുടർ നടപടികളും പൂർത്തിയാക്കാനാവൂ. ബാക്കി എല്ലാ പണികളും പൂർത്തിയായിട്ടും സ്റ്റേഡിയം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനാവാത്തത് മേപ്പിൾ തടി എത്തിയിട്ടില്ല എന്ന ഒറ്റക്കാരണളാലാണ്.

​ജില്ലയുടെ പ്രധാന കായിക മുഖമായി മാറേണ്ട ഇൻഡോർ സ്റ്റേഡിയം പദ്ധതിക്കായി കിഫ്ബിയാണ് മൊത്തത്തിലുള്ള കരാറും മേൽനോട്ടവും ഏറ്റെടുത്തിരിക്കുന്നത്. പീരങ്കി മൈതാനത്തോട് ചേർന്ന് 3.6 ഏക്കർ ഭൂമിയിൽ 42.72 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. 12 ബാഡ്മിന്റൺ കോർട്ടുകൾ, മൂന്ന് വോളിബോൾ കോർട്ടുകൾ, രണ്ട് ബാസ്കറ്റ്ബോൾ കോർട്ടുകൾ, ഒരു ഹാൻഡ് ബോൾ കോർട്ട്, ബേസ് ബോൾ പരിശീലന കോർട്ടുകൾ, ടേബിൾ ടെന്നീസ്, നെറ്റ് ബോൾ, കബഡി, ഖോ ഖോ പരിശീലന സൗകര്യങ്ങൾ, 2000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറി, ആൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ, നീന്തൽക്കുളം തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

​ 2021 ഫെബ്രുവരി 21ന് ഓൺലൈനായി ഉദ്ഘാടനം നടത്തിയ സ്റ്റേഡിയമാണ് കരാർ ഏജൻസിയായ കിഫ്ബിയുടെ ഭാഗത്തുനിന്നുള്ള അലംഭാവം കാരണം അടഞ്ഞു കിടക്കുന്നത്. മേപ്പിൾ വുഡ് ഇറക്കുമതി ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാൻ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും, വർഷങ്ങളായി കാടുകയറി നശിക്കുന്ന സ്റ്റേഡിയം എത്രയും പെട്ടെന്ന് കായിക താരങ്ങൾക്കായി തുറന്നു കൊടുക്കണമെന്നുമാണ് നാടിന്റെയും കായിക പ്രേമികളുടെയും ശക്തമായ ആവശ്യം.

മേപ്പിൾ വുഡ്

 വടക്കേ അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ വളരുന്ന മേപ്പിൾ മരത്തിന്റെ തടിയാണ്.

 ലോകത്തിലെ ഏറ്റവും വിലകൂടിയതും ഉറപ്പുള്ളതുമായ തടികളിൽ ഒന്ന്

 വെള്ള കലർന്ന ക്രീം നിറം, ചിലതിന് ചുവപ്പ് കലർന്ന തവിട്ട് നിറം

 വളരെ കട്ടി കൂടിയതും ഭാരമുള്ളതും. പെട്ടെന്ന് ചിതൽ പിടിക്കില്ല

 വെള്ളം തട്ടിയാൽ വീർക്കില്ല

 കേരളത്തിൽ ഇറക്കുമതി ചെയ്ത് കിട്ടും. പക്ഷേ തേക്കിനേക്കാൾ വില കൂടും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL