ഇന്നലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ ചൂട് പുനലൂരിൽ
കൊല്ലം: സംസ്ഥാനത്ത് കാലവർഷം ദുർബലമായതിനെ തുടർന്ന് കടുത്ത ചൂട് തുടരുന്നതിനിടെ, പുനലൂരിൽ ഇന്നലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി; 36.2 ഡിഗ്രി സെൽഷ്യസ്. ഇത് സാധാരണയേക്കാൾ 4.4 ഡിഗ്രി കൂടുതലാണ്. വരുന്ന ദിവസങ്ങളിലും അന്തരീക്ഷ ഈർപ്പമുള്ള അസ്വസ്ഥകരമായ കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നൽകുന്നു. ജില്ലയിൽ പുനലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചൂട് കടുത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയുണ്ട്. ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും ഉയർന്നു നിൽക്കുന്നതിനാൽ യഥാർത്ഥ താപനിലയെക്കാൾ കൂടുതൽ അസ്വസ്ഥത അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. സെപ്തംബറിൽ കേരളത്തിൽ ഉയർന്ന താപനില രേഖപ്പെടുത്തുന്നത് ഇതാദ്യമല്ലെന്ന് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എൽനിനോ വർഷമായ ഇത്തവണ സെപ്തംബറിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയ ഉയർന്ന താപനില 36.2 ഡിഗ്രിയാണ് (പുനലൂർ). എന്നാൽ ന്യൂട്രൽ വർഷമായ 2024ൽ വെള്ളാണിക്കരയിലും പ്രളയ വർഷമായ (ന്യൂട്രൽ) 2018ൽ പുനലൂരിലും 36.2 ഡിഗ്രി താപനില രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എൽനിനോ വർഷമായ 2015ൽ ആലപ്പുഴയിൽ 36.7 ഡിഗ്രി വരെയും മറ്റൊരു എൽനിനോ വർഷമായ 2023 ആഗസ്റ്റിൽ 36.5 ഡിഗ്രിയും താപനില രേഖപ്പെടുത്തി. എൽനിനോ പ്രതിഭാസം മാത്രമല്ല താപനില ഉയരാൻ കാരണം. കാലവർഷം ദുർബലമാകുമ്പോൾ തെളിഞ്ഞ ആകാശവും സൂര്യന്റെ നിലവിലെ സ്ഥാനമനുസരിച്ച് സൂര്യരശ്മികൾ നേരിട്ട് പതിക്കുന്നതും താപനില വർദ്ധിക്കാൻ കാരണമാകുന്നുവെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
ജാഗ്രതാ നിർദ്ദേശങ്ങൾ
രാവിലെ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം
ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക; നിർജലീകരണം തടയാൻ ചെറിയ കുപ്പിയിൽ വെള്ളം കരുതുക
മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കുക
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, ഒ.ആർ.എസ് ലായനി, സംഭാരം എന്നിവ ശീലമാക്കുക
കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ പകൽ നേരിട്ട് വെയിൽ ഏൽ
ക്കരുത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |