SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

ചി​ന്നക്കട ആകാശപ്പാത നീളം കൂട്ടി​ നി​ർമ്മി​ക്കാൻ രൂപരേഖയി​ൽ പഠനം

കൊല്ലം: ചിന്നക്കടയിൽ നിർമ്മിക്കാനായി കോർപ്പറേഷൻ തയ്യാറാക്കിയ പുതിയ ആകാശപ്പാതയുടെ (സ്കൈവേ) രൂപരേഖ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ വിലയിരുത്തും. ഈ ആകാശപ്പാത ഇരുമ്പ് പാലത്തിനടുത്ത് നിന്ന് ആരംഭിച്ച് ആരംഭിച്ച് റെയിൽവേ സ്റ്റേഷനപ്പുറം അവസാനിക്കുന്നതിന്റെ സാദ്ധ്യത കൂടി പരിശോധിക്കും.

മന്ത്രി ബിന്ദുകൃഷ്ണ വിളിച്ചുചേർത്ത ഉന്നതല യോഗത്തിലാണ് ചിന്നക്കട ആകാശപ്പാതയുടെ നീളം കൂട്ടുന്നത് സംബന്ധിച്ച ചർച്ച ഉയർന്നത്. റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാകുന്നതോടെ റെയിൽവേ സ്റ്റേഷന് മുന്നിലും ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിടങ്ങളുടെ നി‌ർമ്മാണ പൂർത്തിയാകുന്നതോടെ സെന്റ് ജോസഫ് ജംഗ്ഷൻ, കച്ചേരി എന്നിവിടങ്ങളിലും വാഹനങ്ങളുടെ തിരക്ക് വർദ്ധിക്കും. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് നീളം വർദ്ധിപ്പിക്കാൻ ആലോചി​ക്കുന്നത്. സ്ഥലമേറ്റെടുക്കൽ ഒഴിവാക്കിയുള്ള രൂപരേഖയാണ് കോർപ്പറേഷന് വേണ്ടി അഭിലാഷ് ആർക്കിടെക്ട്സി​ന്റെ എം.ഡി വി.ആർ. ബാബുരാജിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയത്.

വിശദമായ സവ്വേയിലൂടെ സ്ഥലമേറ്റെടുക്കൽ ആവശ്യമായി​ വരുമോയെന്നും പരിശോധിക്കും. പൊതുമരാമത്ത് ഇൻവെസ്റ്റിഗേഷൻ വിഭാഗം സ്ഥലം സന്ദർശിച്ച് പ്രാഥമിക പഠനം നടത്തിയ ശേഷം വിശദമായ പഠനത്തിന് ടെൻഡർ ക്ഷണിക്കും. അലൈൻമെന്റിന് പുറമേ രൂപരേഖയും ഏകദേശ എസ്റ്റിമേറ്റും പഠനത്തിലൂടെ കണക്കാക്കും.

വീണ്ടും സിറ്റി റോഡ്

ഇംപ്രൂവ്മെന്റ് പദ്ധതി

നഗരത്തിലെ പ്രധാന റോഡുകൾ വീതി കൂട്ടി വികസിപ്പിക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്ക് കണ്ടിൻജൻസി ചാർജ്ജ് (അപ്രതീക്ഷിതമായി വരാവുന്ന ചെലവുകൾക്ക് വേണ്ടി മുൻകൂട്ടി മാറ്റി വയ്ക്കുന്ന തുക) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ സർക്കാരിന് കത്ത് നൽകി. 2024 മാർച്ചിൽ പദ്ധതിക്ക് സംസ്ഥാന സർക്കാർ 436.15 കോടിയുടെ ഭരണാനുമതി നൽകിയിരുന്നെങ്കിലും സ്ഥലമെറ്റെടുക്കലിന്റെ പ്രാഥമിക ചെലവുകൾക്കായി 50 ലക്ഷം രൂപ അനുവദിക്കാത്തതിനാൽ പദ്ധതി സ്തംഭനത്തിലാണ്. മന്ത്രി ബിന്ദുകൃഷ്ണ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുള്ളതിനാൽ വൈകാതെ കണ്ടിൻജൻസി ചാർജ്ജ് അനുവദിക്കുമെന്നാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL