കൊല്ലം: ഉപയോഗിച്ച സാധനങ്ങൾ വാങ്ങാനും വിൽക്കാനുമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ ഒ.എൽ.എക്സ് വഴി ഫ്ലാറ്റും വസ്തുവും വാങ്ങാനെന്ന വ്യാജേന രണ്ടുപേരിൽ നിന്നായി ഒരാഴ്ചയ്ക്കിടെ 12 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ. തൃശൂർ അരിമ്പൂർ വടക്കൻ വീട്ടിൽ ചാൾസ് സോജനാണ് (26) കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായത്. കമ്മിഷണർ എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എറണാകുളത്തെ ഫ്ലാറ്റിൽനിന്ന് ഇന്നലെ പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. ഇരവിപുരം, അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്.
ജൂലായ് 20ന് അഞ്ചാലുംമൂട്ടിലും 27ന് ഇരവിപുരത്തുമാണ് തട്ടിപ്പ് നടന്നത്. അഞ്ചാലുംമൂട് കാഞ്ഞിരംകുഴിയിലെ വസ്തു സിബിരാജ് ഒ.എൽ.എക്സിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് വാങ്ങാമെന്ന് പറഞ്ഞാണ് ചാൾസ് സോജൻ സിബിരാജിനെ സമീപിച്ചത്. ഒ.എൽ.എക്സ് വഴിയാണ് പരിചയപ്പെട്ടത്. സിബിയുടെ ഹോം ലോൺ ക്ലോസ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച പ്രതി 37ലക്ഷത്തിന്റെ വ്യാജ ചെക്ക് നൽകി. തുടർന്ന് സിബിരാജിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഏഴുലക്ഷം സ്വന്തം അക്കൗണ്ടിലാക്കി. ചെക്ക് വ്യാജമാണെന്ന് വ്യക്തമായതോടെയാണ് ആഗസ്റ്റ് 8ന് പരാതി നൽകിയത്.
വടക്കേവിള പള്ളിമുക്ക് സ്വദേശി സുൽഫിക്കർ അലി ഫ്ലാറ്റ് വിൽക്കാൻ നൽകിയ ഒ.എൽ.എക്സ് പരസ്യം കണ്ടാണ് പ്രതി ബന്ധപ്പെടുന്നത്. ഫ്ലാറ്റ് വാങ്ങാമെന്ന് ഉറപ്പുനൽകി. സ്വന്തം പേരിൽ ബാങ്ക് ലോൺ ശരിയായിട്ടുണ്ടെന്നും ആദ്യം അഞ്ചുലക്ഷം ബാങ്കിൽ അടയ്ക്കണമെന്നും പറഞ്ഞു. പണം കൈവശമില്ലെന്നും ലോൺ ലഭിച്ചാൽ തിരികെ നൽകാമെന്നും വിശ്വസിപ്പിച്ചതോടെ സുൽഫിക്കർ അലി അഞ്ചുലക്ഷം നൽകി. പിന്നീട് ബന്ധപ്പെടാതിരുന്നതോടെയാണ് സുൽഫിക്കർ ആഗസ്റ്റ് 27ന് പരാതി നൽകിയത്.
അന്വേഷണത്തിനിടെ 2 കേസുകളുടെയും പിന്നിൽ ഒരാളാണെന്ന് കണ്ടെത്തിയിരുന്നു. കൊല്ലം എ.സി.പി എസ്.ഷാജിയുടെ മേൽനോട്ടത്തിൽ ഇരവിപുരം ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ മുഹമ്മദ് ആഷിക്, എസ്.ഐ നജീബ്, സി.പി.ഒ അൽസൗഫിർ എന്നിവരും അഞ്ചാലുംമൂട് ഇൻസ്പെക്ടർ ആർ.രാജേഷിന്റെയും എസ്.എച്ച്.ഒ എച്ച്.ഗിരീഷിന്റെയും നിർദ്ദേശപ്രകാരം സി.പി.ഒ ആർ.എസ്.സുനിലാലും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |