എല്ലാ കൗണ്ടറുകളിലും പുലർച്ചെ മുതൽ ക്യൂ
ചാത്തന്നൂർ: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എവിടെ നോക്കിയാലും ക്യൂ തന്നെ ക്യൂ! അതി രാവിലെ എത്തി ഏതെങ്കിലും ക്യൂവിൽ ഇടം പിടിച്ചെങ്കിൽ മാത്രമേ ഉച്ചയോടെയെങ്കിലും കാര്യം സാധിച്ച് ഇറങ്ങാൻ കഴിയൂ.
ദിവസവും ആയിരത്തിലേറെ രോഗികളാണ് ഒ.പിയിൽ എത്തുന്നത്. പുലർച്ചെ ഒ പിയിൽ വന്ന് സെക്യുരിറ്റി നൽകുന്ന ടോക്കൺ സ്ലിപ്പുകളുമായി ഒ.പി കൗണ്ടറിൽ എത്തി ക്യു നിൽക്കണം. അവിടെ നിന്ന് കിട്ടുന്ന ഒ.പി ടിക്കറ്റുമായി തങ്ങൾക്ക് ആവശ്യമുള്ള
ഒ.പിയുടെ മുന്നിലെത്തി ഒ.പി കാർഡ് അകത്ത് കൊടുത്താൽ പിന്നെയും ക്യു നിന്ന് വേണം ഡോക്ടറെ കാണാൻ. സെക്യുരിറ്റി ജീവനക്കാർ വിളക്കിന്നുന്നതനുസരിച്ച് കയറി ഡോക്ടറെ കാണണം. ഡോക്ടർ കുറിച്ച് നൽകുന്ന മറ്റ് പരിശോധനകൾക്കായി എല്ലായിടത്തും പിന്നെയും ക്യു നിൽക്കണം. എക്സ് റേ, രക്തപരിശോധന, ഇ.സി.ജി തുടങ്ങി ക്യാഷ് കൗണ്ടറിനു മുന്നിൽ വരെ ക്യൂ നിൽക്കാതെ രക്ഷയില്ല.
കഷ്ടപ്പെട്ട് വാങ്ങുന്ന റിസൾട്ടുമായി വീണ്ടും ഡോക്ടറെ കാണാൻ എത്തുമ്പോൾ ഡോക്ടർ ഒ.പി കഴിഞ്ഞ് പോയിട്ടുണ്ടാവും. വീണ്ടും അടുത്ത ദിവസം രോഗി സമാനമായ ക്യു നിന്ന് ഡോക്ടറെ കാണേണ്ട അവസ്ഥയാണ്. ഓപ്പറേഷനു വേണ്ടി എത്തുന്ന രോഗികൾക്ക് ഒന്നിലധികം ഡോക്ടർമാരെ കാണണം എന്നുണ്ടെങ്കിൽ ദിവസങ്ങൾ എടുക്കും. ഏതെങ്കിലും ഭാഗ്യത്തിന്, എല്ലാം റെഡിയായി മരുന്നു വാങ്ങാൻ ഫാർമസിക്കു മുന്നിലെത്തിയാൽ അവിടെ വലിയ ക്യൂവിൽ പൊരുതേണ്ടി വരും! ക്യൂ കടമ്പ കടന്ന് മുന്നിലെത്തി ചീട്ട് നീട്ടുമ്പോഴാവും 'ഈ മരുന്ന് ഇവിടെയില്ല' എന്ന മറുപടി ലഭിക്കുന്നത്.
പ്രായമുള്ള രോഗികൾ ആണ് കൂടുതലായും വലയുന്നത്. കിടപ്പ് രോഗികളെ കൊണ്ടുവന്നാൽ മണിക്കൂറുകൾ സ്‌ട്രച്ചറിലും വീൽ ചെയറുകളിലും ആശുപത്രി വരാന്തയിൽ കിടക്കേണ്ട അവസ്ഥയാണ്.
കൈയൂക്കുള്ളവർ കാര്യക്കാർ
ആശുപത്രി ജീവനക്കാരിൽ സ്വാധീനമുണ്ടെങ്കിൽ ഒരു ക്യൂവിലും നിൽക്കാതെ കാര്യങ്ങൾ സാധിക്കാമെന്ന ആരോപണവുമുണ്ട്. ഒരു സ്ളിപ്പ് പോലും കയ്യിൽ വേണ്ട. ക്യൂ നിൽക്കുന്നവരുടെ വശത്തു കൂടി കൂളായി ചെന്ന് ഡോക്ടറെ കാണാം. സെക്യൂരിറ്റി ജീവനക്കാരാണ് പ്രധാനമായും ഇത്തരം 'ദർശന'ങ്ങൾക്ക് വഴിയൊരുക്കുന്നത്. ഇത് പലപ്പോഴും വഴക്കുകൾക്കും സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ട്. കാർഡിയോളജി അടക്കമുള്ള സ്പെഷ്യാലിറ്റി ഒ.പി ഉള്ള ദിവസം എത്ര രാവിലെ ചെന്നാലും ഒന്ന് മുതൽ അൻപത് വരെയുള്ള ടോക്കൺ സ്ലിപ്പുകൾ കിട്ടില്ല ഈ സ്ലിപ്പുകൾ ആശുപത്രി ജീവനക്കാർ അവരുടെ വേണ്ടപ്പെട്ടവർക്കായി മാറ്റിവച്ചിരിക്കുകയാണെന്നാണ് പരാതി.
വേണം ഇളക്ട്രോണിക് ടോക്കൺ
ക്യൂ നിയന്ത്രിക്കാനുള്ള ആധുനിക ഡിജിറ്റൽ സംവിധാനം
പാരിപ്പള്ളി മെഡി. ആശുപത്രിയിൽ ഇത് അനിവാര്യം
നീണ്ട വരികളിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കാം
സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാം
രോഗിക്ക് സമയബന്ധിതമായി ഡോക്ടറെ കണ്ട് ചികിത്സ തേടാം
കിയോസ്‌ക് മെഷീനിൽ നിന്ന് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കാം
ഡിജിറ്റൽ ടോക്കൺ നമ്പർ വഴി ക്യു ഒഴിവാക്കി ഡോക്ടറെ കാണാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |