SignIn
Kerala Kaumudi Online
Friday, 18 September 2026 4.41 AM IST

പത്തനംതിട്ട ഇഞ്ചപ്പാറയിൽ അപകടകരമായ സ്ഥലത്ത് ടൂറിസം പദ്ധതിക്ക് നീക്കം

കൊല്ലം: പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിൽ അപകടകരമായ സ്ഥലത്ത് വിനോദ സഞ്ചാര പദ്ധതി നടപ്പാക്കി സർക്കാരിന്റെ രണ്ടേമുക്കാൽ കോടിയോളം രൂപ വെള്ളത്തിലാക്കാൻ നീക്കം. സ്ഥല പരിശോധന നടത്തിയ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, നൂറ് മീറ്ററോളം ഉയരത്തിൽ ചെങ്കുത്തായ പ്രദേശമാണ്, നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ പൊതുവഴിയില്ല തുടങ്ങിയ വിവരങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിട്ടും നിർവഹണ ഏജൻസിയായ ഹാബിറ്റാറ്റ് ടെണ്ടർ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

പ്രവാസിയായ ഇടയ്ക്കിടം സ്വദേശി വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇഞ്ചപ്പാറ സാൻഡ് ആൻഡ് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് 2021ൽ ഇഞ്ചപ്പാറയിൽ 60 ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ഭൂമിക്ക് നടുവിലുള്ള സർക്കാർ ഭൂമിയിൽ ടൂറിസം പദ്ധതിക്ക് നീക്കം തുടങ്ങിയത്. സ്ഥലം കൃത്യമായി പരിശോധിക്കാതെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജില്ലാ ഭരണകൂടം 50 സെന്റ് സ്ഥലം പദ്ധതിക്ക് വിട്ടുനൽകി. നിർവഹണ ഏജൻസിയായി ഹാബിറ്റാറ്റിനെ നിശ്ചയിച്ചു.

നാലുതവണ ടെണ്ടർ ക്ഷണിച്ചിട്ടും ആരും പങ്കെടുക്കാഞ്ഞതോടെ പദ്ധതി ചുമതലയിൽ നിന്ന് പിന്മാറുന്നതായി ചൂണ്ടിക്കാട്ടി ഹാബിറ്റാറ്റ് കത്ത് നൽകി. നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ പ്രയാസമുള്ളതിന് പുറമേ വെള്ളവും വൈദ്യുതിയും പോലും ലഭിക്കാൻ പ്രയാസപ്പെടുമെന്ന് ബോദ്ധ്യമായതുകൊണ്ടാണ് കരാറുകാർ ടെണ്ടറിൽ നിന്ന് വിട്ടുനിന്നത്. ഹാബിറ്റാറ്റ് വീണ്ടും മൂന്ന് തവണ കൂടി ടെണ്ടർ ക്ഷണിച്ചിട്ടും ആരും പങ്കെടുത്തില്ല. ഒടുവിൽ ഇപ്പോൾ രണ്ട് കരാറുകാരെ നിർബന്ധിച്ച് ടെണ്ടറിൽ പങ്കെടുപ്പിച്ച് ടെണ്ടർ ഉറപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

അഗാധമായ ഗർത്തം വില്ലൻ

ഇഞ്ചപ്പാറ സാൻഡ് ആൻഡ് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റിഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ചുറ്റും വേലി കെട്ടിയിരിക്കുകയാണ്. ഈ ഭൂമിയിലൂടെ ടൂറിസം പദ്ധതി ലക്ഷ്യമിടുന്ന സ്ഥലത്ത് എത്താമെങ്കിലും ഒരുവശത്ത് കരിങ്കൽ ഖനനം നടത്തി രൂപപ്പെട്ട അഗാധമായ ഗർത്തമാണ്. ഈ ഭാഗത്ത് പുലി ശല്യവുമുണ്ട്. അതിന് പുറമെ കുത്തനെയുള്ള പാറയിൽ മഴക്കാലത്ത് പായൽ പിടിച്ച് വഴുക്കലുമുണ്ടാകും. അതുകൊണ്ട് തന്നെ ടൂറിസം പദ്ധതി നടപ്പാക്കിയാലും വലിയ അപകടങ്ങളുണ്ടാകും. മൂന്ന് വർഷത്തിനകം പദ്ധതി നടപ്പാക്കിയില്ലെങ്കിൽ തിരിച്ചെടുക്കുമെന്ന വ്യവസ്ഥയിലാണ് ഭൂമി അനുവദിച്ചത്. ഈമാസം മൂന്നുവർഷം തികയാനിരിക്കെയാണ് തട്ടിക്കൂട്ടി ടെണ്ടർ ഉറപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL