SignIn
Kerala Kaumudi Online
Saturday, 19 September 2026 3.38 AM IST

പത്രാധിപർ അനുസ്മരണം

പത്രാധിപരുടെ എഴുത്തിനും പ്രസംഗത്തിനും

കൂരമ്പിന്റെ ശക്തി: പി.സുന്ദരൻ

പത്രാധിപരുടെ എഴുത്തിനും പ്രസംഗത്തിനും കൂരമ്പിന്റെ ശക്തി ഉണ്ടായിരുന്നുവെന്ന് പത്രാധിപർ അനുസ്മരണ പ്രഭാഷണത്തിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായ പി.സുന്ദരൻ പറഞ്ഞു.

പത്രധർമ്മം എന്താണെന്ന് കേരളജനതയ്ക്ക് മനസിലാക്കിക്കൊടുത്തത് കെ.സുകുമാരനാണ്. പാർശ്വവത്കരിക്കപ്പെട്ടവരെ ഉയർത്തുന്ന സാമുദായിക സംവരണം അട്ടിമറിക്കാനുളള നീക്കത്തിനെതിരെയായിരുന്നു പത്രാധിപരുടെ കുളത്തൂർ പ്രസംഗം. അതൊരു സിംഹഗർജ്ജനമായിരുന്നു. അത്തരമൊരു പ്രസംഗം മറ്റാരെക്കൊണ്ടും സാധിക്കില്ല. പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി അദ്ദേഹം തൂലിക പടവാളാക്കി. ആധുനിക മാദ്ധ്യമ പ്രവർത്തനത്തിനും അദ്ദേഹം തുടക്കമിട്ടു. ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിൽ കേരളകൗമുദിയും പത്രാധിപർ കെ.സുകുമാരനും വഹിച്ച പങ്ക് നിർണായകമാണെന്നും പി.സുന്ദരൻ പറഞ്ഞു.

കെ.സുകുമാരൻ പത്രാധിപർ എന്ന

വാക്കിന്റെ പര്യായം: മോഹൻ ശങ്കർ

പത്രാധിപർ എന്ന വാക്കിന്റെ പര്യായമാണ് പത്രാധിപർ കെ. സുകുമാരനെന്ന് അവാർഡ്ദാനം നിർവഹിച്ചുകൊണ്ട്. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായ മോഹൻ ശങ്കർ പറഞ്ഞു.
കെ. സുകുമാരൻ പത്രപ്രവർത്തനത്തെ സാമൂഹ്യനവീകരണത്തിനുള്ള ആയുധമാക്കി. കേരളത്തിൽ നടന്നിട്ടുള്ള നവോത്ഥാന മുന്നേറ്റങ്ങൾക്ക് കെ. സുകുമാരൻ അക്ഷരങ്ങളിലൂടെ ഇന്ധനം പകർന്നു. പൊലീസ് കമ്മിഷണർ ഓഫീസിൽ ക്ലാർക്കായിരുന്ന അദ്ദേഹത്തിന് സബ് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റത്തിനുള്ള യോഗ്യത ഉണ്ടായിരുന്നു. ജാതിയുടെ പേരിൽ സ്ഥാനക്കയറ്റം നിഷേധിച്ചതോടെയാണ് പത്രാധിപർ സർക്കാർ ജോലി ഉപേക്ഷിച്ച് പിതാവ് സി.വി. കുഞ്ഞുരാമൻ നടത്തിയിരുന്ന കേരളകൗമുദിയുടെ ഭാഗമായത്. എസ്.എൻ.ഡി.പി യോഗത്തിന്റെ വളർച്ചയിൽ കേരളകൗമുദിയും പത്രാധിപരും നൽകിയ പിന്തുണ വലുതാണെന്നും മോഹൻ ശങ്കർ പറഞ്ഞു.

പത്രാധിപരെ നയിച്ചത്

ഗുരുദർശനം: എൻ.രാജേന്ദ്രൻ

ഗുരുദർശനമാണ് പത്രാധിപർ കെ.സുകുമാരനെ നയിച്ചതെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായ എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. സി.വി. കുഞ്ഞുരാമന് ഗുരുദേവൻ ദക്ഷിണയായി നൽകിയ നാണയത്തുട്ടുകൊണ്ടാണ് കേരളകൗമുദി ആരംഭിച്ചത്. ഗുരുദേവന്റെ അനുഗ്രഹം കേരളകൗമുദിക്ക് ഉള്ളതുകൊണ്ടാണ് കൂടുതൽ വളരുന്നത്. കാലത്തിന് അനുസരിച്ച് കേരളകൗമുദി മാറുന്നു. ആരെയും ഭയക്കാതെ പത്രാധിപർ തെറ്റുകൾക്കെതിരെ ഉച്ചത്തിൽ ശബ്ദിച്ചു. അദ്ദേഹം അക്ഷരങ്ങളെ പടവാളാക്കി. ആ പാരമ്പര്യം കേരളകൗമുദി ഇപ്പോഴും പിന്തുടരുന്നു. എസ്.എൻ.ഡി.പി യോഗത്തിനും കേരളകൗമുദി ശക്തമായ പിന്തുണ നൽകുന്നു. എല്ലാ ജാതിമതസ്ഥർക്കും വേണ്ടി കേരളകൗമുദി ശബ്ദിക്കുന്നു. അതേസമയം പിന്നാക്ക വിഭാഗങ്ങൾക്കായി കൂടുതൽ ശബ്ദമുയർത്തുന്നുവെന്നും എൻ. രാജേന്ദ്രൻ പറഞ്ഞു.

പത്രാധിപർ പാർശ്വവത്കരിക്കപ്പെട്ടവരെ

കൈപിടിച്ചുയർത്തി: സനൽ.ഡി പ്രേം

ഗുരുവരുൾ ഉൾക്കൊണ്ട് പാർശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പത്രാധിപർ കെ. സുകുമാരൻ കൈപിടിച്ചുയർത്തിയെന്ന് ആശംസ പ്രസംഗത്തിൽ കൊല്ലം പ്രസ് ക്ലബ് സെക്രട്ടറി സനൽ.ഡി പ്രേം പറ‌ഞ്ഞു. കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക മുന്നേറ്റത്തിലും മലയാളഭാഷയുടെ വികാസത്തിലും കേരളകൗമുദിയും പത്രാധിപരും വഹിച്ച പങ്ക് നിർണായകമാണ്. അദ്ദേഹം ധാർമ്മികതയ്ക്കും മൂല്യങ്ങൾക്കും വലിയ പ്രാധാന്യം നൽകി. അദ്ദേഹം അതിവേഗം കേരളകൗമുദിയെ വളർത്തി. പത്രാധിപരുടെ സംഭാവനകൾ പുതുതലമുറയിലേക്ക് എത്തിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്നും സനൽ.ഡി പ്രേം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, VELLAPPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL