
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നവതിയുടെ നിറവിൽ. 1937സെപ്റ്റംബർ 10നാണ് കണിച്ചുകുളങ്ങര വെള്ളാപ്പള്ളി കേശവൻ മുതലാളിയുടേയും ദേവകിഅമ്മയുടേയും ഏഴാമത്തെ മകനായി വെള്ളാപ്പള്ളി നടേശൻ ജനിച്ചത്. ജന്മദിനം ഇന്നാണെങ്കിലും പിറന്നാൾ ദിനമായ ചിങ്ങത്തിലെ വിശാഖം നക്ഷത്രം വരുന്ന 16നാണ് കണിച്ചുകുളങ്ങരയിലെ വീട്ടിൽ നവതി ആഘോഷം നടക്കുക. ശനിയാഴ്ച മുതൽ വീട്ടുമുറ്റത്ത് പ്രത്യേകമൊരുക്കിയ ഹോമകുണ്ഡത്തിൽ ആലപ്പുഴ തിരുമല ക്ഷേത്രത്തിലെ പൂജാരിമാരുടെ നേതൃത്വത്തിൽ അഞ്ചുദിവസം നീളുന്ന പൂജ നടക്കും. 16ന് രാവിലെ കേക്ക് മുറിക്കും.
ചടങ്ങിലേക്ക് ആരെയും പ്രത്യേകം ക്ഷണിക്കുന്നില്ലെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക രംഗങ്ങളിൽ നിന്ന് നിരവധി പേർ ആശംസകളുമായെത്തും. 500 പേർക്കുള്ള സദ്യയാണ് തയ്യാറാക്കുന്നത്. പദ്മഭൂഷൺ ബഹുമതി നേടിയ ശേഷമുള്ള ആദ്യ പിറന്നാളാണിത്. എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശൻ, 62 വർഷമായി കണിച്ചുകുളങ്ങര ദേവീക്ഷേത്ര പ്രസിഡന്റായും പ്രവർത്തിച്ചുവരികയാണ്. മക്കളായ തുഷാർ വെള്ളാപ്പള്ളിയും വന്ദനയും പിറന്നാൾ ആഘോഷത്തിനായി അടുത്ത ദിവസം കുടുംബ സമേതം കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |