കൊല്ലം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴിയുള്ള ചരക്ക് നീക്കത്തിന്റെ ഉപകേന്ദ്രമായി കൊല്ലം പോർട്ടിനെ മാറ്റാൻ വിദേശ കമ്പനി വരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഏറ്റവും കൂടുതൽ കപ്പലുകൾ കൊണ്ടുവരുന്ന മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എം.എസ്.സി) ഉപകമ്പനിയായ മെഡ്ലോഗ് കൊല്ലം പോർട്ട് വഴി ചരക്ക് നീക്കത്തിന് തുറമുഖ വകുപ്പിനെ സമീപിച്ചു.
മെഡ്ലോഗ് ഇന്ത്യയുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം കൊല്ലം പോർട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം കേരള മാരിടൈം ബോർഡ് അധികൃതരുമായി ചർച്ച നടത്തി. മാരിടൈം ബോർഡും തുറമുഖ വകുപ്പും അനുകൂല നിലപാട് സ്വീകരിച്ചാൽ മെഡ്ലോഗ് ഓപ്പറേഷൻ ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന കണ്ടെയ്നറുകൾ റോഡ് മാർഗം കൊല്ലം പോർട്ടിലെത്തിച്ച ശേഷം മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയാണ് ലക്ഷ്യം. അതിനൊപ്പം വിഴിഞ്ഞം വഴി കയറ്റുമതി ചെയ്യേണ്ട ചരക്കുകൾ കൊല്ലം പോർട്ടിലെത്തിച്ച് കണ്ടെയ്നറുകളിൽ നിറച്ച് കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കി വിഴിഞ്ഞത്തേക്ക് കൊണ്ടുപോകും. പിന്നീട് ബാർജ് വഴി കടൽ മാർഗം കണ്ടെയ്നർ നീക്കം ആരംഭിക്കും.
വരുമാനം വർദ്ധിക്കും
എം.എസ്.സിയുടെ ഉപകമ്പനി എത്തിയാൽ തുടർച്ചയായി കണ്ടെയ്നറുകളെത്തി കൊല്ലം പോർട്ട് സജീവമാകും. കേരളത്തിലുള്ള ഒരു കമ്പനി നേരത്തെ കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് ചരക്ക് നീക്കത്തിന് കേരള മാരിടൈം ബോർഡുമായി കരാർ ഒപ്പിട്ടിരുന്നു. അവരേക്കാൾ വലിയളവിൽ കണ്ടെയ്നറുകൾ മെഡ്ലോഗിന് എത്തിക്കാനാകും. പോർട്ടിന്റെ വരുമാനവും വർദ്ധിക്കും. കൊല്ലം പോർട്ടിലെ വെയർഹൗസിനും യാർഡിനും പുറമേ കണ്ടെയ്നറുകൾ ഇറക്കാനും കയറ്റാനും ക്രെയിൻ, റീച്ച് സ്റ്റാക്കർ എന്നിവ ഉപയോഗിക്കുന്നതിലൂടെ വൻ തുക വരുമാനവും ലഭിക്കും.
വെയർഹൗസ് വിസ്തീർണം
1450 ചതുരശ്ര മീറ്റർ
പ്രതിദിന വാടക
₹ 25 (ഒരു ചതുരശ്ര മീറ്ററിന്)
യാർഡ്
16000 ചതുരശ്ര മീറ്റർ
ആഴ്ച വാടക
₹ 60 (ഒരു ചതുരശ്ര മീറ്ററിന്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |