കൊല്ലം: കൈക്കൂലി കേസിൽ കുന്നത്തൂർ താലൂക്ക് ഓഫീസിലെ മുൻ ഡെപ്യുട്ടി തഹസീൽദാരായ കരുനാഗപ്പള്ളി വടക്കുംതല വേലൻപറമ്പിൽ വീട്ടിൽ ബാബുവിന് (63) എട്ടുവർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം വിജിലൻസ് കോടതി ജഡ്‌ജി ഡോ. സി.എസ്.മോഹിതാണ് ശിക്ഷിച്ചത്.
ബാബു കുന്നത്തൂർ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാറായിരുന്ന കാലത്ത് മൈനാഗപ്പള്ളി സ്വദേശിയായ പരാതിക്കാരന്റെ കൈയിൽ നിന്ന് പലപ്പോഴായി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ആദ്യം 3000 രൂപ കൈക്കൂലി വാങ്ങി അനധികൃതമായി ചെങ്കല്ല് വെട്ടാൻ ഒത്താശ ചെയ്തുകൊടുത്തു. അടുത്ത ഗഡു കൈക്കൂലി കൊടുക്കാത്തതിനാൽ പരാതിക്കാരന്റെ സുഹൃത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയിൽ മൈനാഗപ്പള്ളിയിലുള്ള വസ്തുവിൽ കല്ലുവെട്ടിക്കൊണ്ടിരിക്കെ കല്ല് വെട്ട് യന്ത്രം പിടിച്ചെടുത്തു. തുടർന്ന് യന്ത്രം വിട്ടുകൊടുക്കാനായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് റിപ്പോർട്ട് കൊടുക്കാനായി കുന്നത്തൂർ താലൂക്ക് ഓഫീസിൽ വെച്ച് 2000 രൂപ കൈക്കൂലി ചോദിച്ച് വാങ്ങി.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ പിഴ അടച്ചശേഷം കല്ലുവെട്ട് യന്ത്രം വിട്ടുനൽകാനുള്ള കൈക്കൂലിയായി 5000 രൂപ പരാതിക്കാരനിൽ നിന്ന് കൈപ്പറ്റിയ സമയത്ത് കൊല്ലം വിജിലൻസ് യൂണിറ്റ് കൈയോടെ പിടികൂടി. അഴിമതി നിരോധന നിയമപ്രകാരം മൂന്നുവർഷം തടവും 50000 രൂപയും പിഴയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് അഞ്ച് വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതി.
കൊല്ലം വിജിലൻസ് യുണിറ്റിലെ മുൻ ഡിവൈ.എസ്.പി റെക്സ് ബോബി അരവിൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ ഡിവൈ.എസ്.പി ആർ.ജയശങ്കർ തുടരന്വേഷണം നടത്തി. തുടർന്ന് ഡിവൈ.എസ്.പി കെ.അശോക് കുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.എസ്.ദിവ്യ, സിജു രാജൻ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |