കൊല്ലം: നിലവിൽ ഓഫീസിൽ ഇല്ലാത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ കൊല്ലം യൂണിറ്റിൽ വിസ്മയ സ്ഥലം മാറ്റം. ആറുമാസം മുമ്പ് തയ്യാറാക്കിയ പട്ടിക ഇപ്പോൾ ഉത്തരവായി പുറത്തിറക്കിയെന്ന് സംശയിപ്പിക്കുന്ന വേറെയും പിഴവുകൾ സ്ഥലംമാറ്റ ഉത്തരവിലുണ്ട്.
ആറുമാസം മുമ്പ് ക്രൈംബ്രാഞ്ച് കൊല്ലം യൂണിറ്റിൽ നിന്ന് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായി പോയ ഉദ്യോഗസ്ഥനെ പുതിയ സ്ഥലം മാറ്റ ഉത്തരവിൽ വീണ്ടും സ്ഥലം മാറ്റിയിരിക്കുകയാണ്. അതിന് പുറമേ നേരത്തെ എസ്.ഐ ആയി സ്ഥാനക്കയറ്റം ലഭിച്ച ഒരു ഉദ്യോഗസ്ഥന്റെ സ്ഥാനം എ.എസ്.ഐ എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
സാധാരണ അഭിരുചി പരീക്ഷ നടത്തി മാർക്കിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ചിൽ നിയമിക്കുന്നത്. സാധാരണ അഞ്ച് വർഷക്കാലത്തേക്കാണ് നിയമനം. എന്നാൽ നിയമനം ലഭിച്ച് മൂന്നര വർഷം മാത്രമായവരെയാണ് ഇപ്പോൾ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇത്തവണ ക്രൈം ബ്രാഞ്ചിലേക്കുള്ള അഭിരുചി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും പരീക്ഷ നടത്താതെയാണ് സ്ഥലം മാറ്റം നടത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |