കൊല്ലം: പൈൽ ചെയ്ത മണ്ണ് നീക്കാനാകാത്തതിനാൽ എട്ട് മാസമായി സ്തംഭനാവസ്ഥയിലായിരുന്ന ജില്ലാ ആശുപത്രിയിലെ ഹൈടെക് സമുച്ചയ നിർമ്മാണം പുനരാരംഭിക്കുന്നു. പൈൽ ചെയ്ത മണ്ണ് മയ്യനാട് പഞ്ചായത്തിലെ മിനി സ്റ്റേഡിയം നിർമ്മാണത്തിനും കൊല്ലം കോർപ്പറേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും വിട്ടുനൽകാൻ ധാരണയായി. ഇതുബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കുള്ളിൽ ഇറങ്ങുന്നതിന് പിന്നാലെ മണ്ണ് നീക്കി നിർമ്മാണം പുനരാരംഭിക്കും.
നെടുങ്ങോലം താലൂക്ക് ആശുപത്രി വളപ്പിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തേക്ക് മണ്ണ് നീക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. പ്രാദേശിക എതിർപ്പ് ഉയർന്നതോടെ മണ്ണ് പരിശോധിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന റിപ്പോർട്ട് വന്നിട്ടും നെടുങ്ങോലത്തെ എതിർപ്പ് തീർന്നില്ല. ഇതിനിടെയാണ് മയ്യനാട് മിനി സ്റ്റേഡിയം നിർമ്മാണത്തിനും കൊല്ലം കോർപ്പറേഷനും മണ്ണ് വേണമെന്ന ആവശ്യം കളക്ടർക്ക് മുന്നിലെത്തിയത്.
വാർഡ് ടവർ, ഡയഗ്നോസ്റ്റിക് ബ്ലോക്ക്, യൂട്ടിലിറ്റി ബ്ലോക്ക് എന്നിങ്ങനെ മൂന്ന് ബ്ലോക്കുകളായാണ് ജില്ലാ ആശുപത്രിയിലെ പുതിയ സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്നത്. ഇതിൽ ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമ്മാണം രണ്ടാംഘട്ടമായാണ് ആദ്യം ആലോചിച്ചിരുന്നത്. മണ്ണ് നീക്കം പ്രതിസന്ധിയിലായതോടെ ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ പൈലിംഗും ആരംഭിച്ചു. മൂന്ന് കെട്ടിടങ്ങളുടെയും 154 പൈലുകൾ ജനുവരി ആദ്യം പൂർത്തിയായി. പൈലിംഗിലൂടെ കുഴിച്ചെടുത്ത മണ്ണ് നീക്കാത്തതിനാൽ തുടർന്ന് നടക്കേണ്ട ബേസ്‌മെന്റ് റാഫ്റ്റ് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളെല്ലാം മുടങ്ങുകയായിരുന്നു.
പൈൽ ചെയ്ത മണ്ണ് മാറ്റണം
മാറ്റേണ്ടത് 15000 എം ക്യൂബ് മണ്ണ്
നിർമ്മാണം തുടങ്ങിയിട്ട് രണ്ട് വർഷം
മൂന്ന് നില യൂട്ടിലിറ്റി ബ്ലോക്ക്
എട്ട് നിലകളുള്ള ഡയഗ്നോസ്റ്റിക് ബ്ലോക്ക്
പത്ത് നില വാർഡ് ടവർ
നിർമ്മാണ ചെലവ് ഉയരും
ഉപകരണങ്ങളൊഴികെ 132 കോടിയാണ് ഹൈടെക് സമുച്ചയത്തിന്റെ നിർമ്മാണ കരാർ. നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ, പൈൽ ചെയ്ത മണ്ണ് നീക്കൽ എന്നിങ്ങനെ കരാർ കമ്പനിയുടേതല്ലാത്ത കാരണങ്ങൾ കൊണ്ടാണ് ഒന്നര വർഷത്തോളം നിർമ്മാണം മുടങ്ങിയത്. ഇതിനിടയിൽ നിർമ്മാണ സാമഗ്രികളുടെ വിലയിൽ വലിയ മാറ്റമുണ്ടായി. അതുകൊണ്ട് തന്നെ നിർമ്മാണം പൂർത്തിയാക്കാൻ കരാർ തുകയേക്കാൾ കൂടുതൽ പണം നൽകേണ്ടി വരും.
ആകെ പൈലുകൾ
154
എസ്റ്റിമേറ്റ് തുക
₹ 142 കോടി
കെട്ടിടനിർമ്മാണ കരാർ
₹ 132 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |