
കൊല്ലം: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പുനലൂർ പനങ്കുറ്റിമലയിലെ പ്ലാന്റിൽ മണ്ണിടിഞ്ഞുവീണ് ജില്ലയുടെ പകുതി പ്രദേശത്തെ കുടിവെള്ള വിതരണം സ്തംഭിച്ചു. മഴയ്ക്കിടയിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് മണ്ണിടിഞ്ഞ് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചത്.
ഇതോടെ പുനലൂർ, പരവൂർ മുനിസിപ്പാലിറ്റികൾ, കൊല്ലം കോർപ്പറേഷന്റെ പകുതിയോളം ഭാഗം, കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ, പൂയപ്പള്ളി, ഉമ്മന്നൂർ, വെളിയം, ആദിച്ചനല്ലൂർ, കല്ലുവാതുക്കൽ, പൂതക്കുളം, മയ്യനാട് തുടങ്ങിയ പഞ്ചായത്തുകളിലാണ് കുടിവെള്ളം മുടങ്ങിയത്.
മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന മഴയ്ക്കിടയിലാണ് പമ്പ് ഹൗസിൽ നിന്ന് ജലം ശുദ്ധീകരിക്കാൻ എത്തിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റിലെ ഫ്ലോക്കുലേഷൻ യൂണിറ്റിൽ ഒരാൾ പൊക്കത്തിൽ മണ്ണും പാറ കഷണങ്ങളും കൊണ്ട് മൂടിയത്. പമ്പ് ഹൗസിൽ നിന്ന് ജലം കടന്നുപോകുന്ന ചാനലുകളിലും മണ്ണ് നിറഞ്ഞു. ഈ ഭാഗത്തേക്ക് ജെ.സി.ബിയും ഹിറ്റാച്ചിയും എത്തിച്ച് മണ്ണ് നീക്കാൻ കഴിയില്ല. അതുകൊണ്ട് പതിനഞ്ചോളം തൊഴിലാളികളെ ഉപയോഗിച്ചാണ് മണ്ണും കല്ലുകളും മാറ്റുന്നത്. ഫ്ലോക്കുലേഷൻ യൂണിറ്റിലെ വയറുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
മണ്ണ് പൂർണമായും നീക്കി ഇന്ന് മാത്രമേ അറ്റകുറ്റപ്പണി ആരംഭിക്കാനാകൂ. അപ്പോൾ മാത്രമേ ട്രീറ്റ്മെന്റ് പ്ലാന്റിന് കൂടുതൽ തകരാർ സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകൂ.
ഇനിയും മണ്ണിടിയാം
ഇപ്പോൾ മണ്ണിടിഞ്ഞ സ്ഥലത്ത് 20 മീറ്ററോളം ഉയരത്തിൽ ഇനിയും കുന്നുണ്ട്. ഇവിടെ മണ്ണിടിച്ചിൽ തടയാൻ പാർശ്വഭിത്തി നിർമ്മിക്കണമെന്ന് വർഷങ്ങളായി ആവശ്യമുണ്ടെങ്കിലും നടന്നിട്ടില്ല. കുറഞ്ഞത് രണ്ടുകോടി രൂപയെങ്കിലും പാർശ്വഭിത്തി നിർമ്മാണത്തിന് വേണ്ടിവരും.
പമ്പിംഗ് പ്രതീക്ഷയും പകുതി
ഇന്നലെ പുലർച്ചെ നാലോടെ കുടിവെള്ള വിതണം നിലച്ചു
കൂടുതൽ തരാർ സംഭവിച്ചിട്ടുണ്ടെങ്കിൽ വീതരണം നീണ്ടേക്കും
നാളെ പമ്പിംഗ് പുനരാരംഭിക്കാമെന്ന് പ്രതീക്ഷ
ആരംഭിച്ചാലും ഉയർന്ന പ്രദേശങ്ങളിൽ ലഭിക്കില്ല
പ്രതിദിന പമ്പിംഗ്
64 എം.എൽ.ഡി
ഇടിഞ്ഞ മണ്ണ് തൊഴിലാളികളെക്കൊണ്ട് നീക്കുകയാണ്. കാര്യമായ തകരാർ സംഭവിച്ചിട്ടില്ലെങ്കിൽ നാളെ പമ്പിംഗ് പുനരാരംഭിക്കാനാകും.
ജപ്പാൻ കുടിവെള്ള പ്ളാന്റ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |