SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.36 AM IST

ദേശീയപാത 66 വികസനം: കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ നിർമ്മാണം 94 %

nh

കൊല്ലം: ദേശീയപാത 66 ആറുവരി വികസനത്തിൽ കാവനാട്- കടമ്പാട്ടുകോണം റീച്ചിന് പ്രാഥമിക പൂർത്തീകരണ സർട്ടിഫിക്കറ്റ്. മൈലക്കാട് ഫ്ലൈ ഓവർ, ഇത്തിക്കര പാലം, ഇത്തിക്കര അടിപ്പാത എന്നിവയുടെ നിർമ്മാണത്തിനൊപ്പം എൻ.എച്ച്.എ.ഐ ചൂണ്ടിക്കാട്ടിയുള്ള പോരായ്മകൾ കൂടി പരിഹരിക്കുന്നതോടെ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിക്കും.

ആദ്യ കരാറിലേതിന് പുറമേ നിർമ്മിക്കുന്ന മേവറം, കടവൂർ ഫ്ലൈ ഓവറുകൾ, ഇത്തിക്കര പാലത്തിന്റെ അപ്രോച്ച് റോഡ്, ഇത്തിക്കരയിലെ ഭൂഗർഭ അടിപ്പാത എന്നിവ ഒഴികെ കാവനാട്- കടമ്പാട്ടുകോണം റീച്ചിലെ നിർമ്മാണം 94 ശതമാനം പൂർത്തിയായി. ഇത്തിക്കര പാലത്തിന്റെ ടാറിംഗും, കുറച്ച് സ്ഥലങ്ങളിൽ യൂട്ടിലിറ്റി ഏരിയയിൽ ഇന്റർലോക്ക് പാകലുമാണ് പഴയകരാറിൽ അവശേഷിക്കുന്നത്.

അതിന് പുറമേ തകർന്ന ഉയരപ്പാതയ്ക്ക് പകരം കരാർ കമ്പനി സ്വന്തം ചെലവിൽ നിർമ്മിക്കുന്ന ഫ്ലൈ ഓവർ കൂടി പൂർത്തിയാകുന്നതോടെ പഴയ കരാർ പ്രകാരമുള്ള നിർമ്മാണ പ്രവർത്തികൾ പൂർണമായും പൂർത്തിയാകും.

ഇത്തിക്കര പാലത്തിന്റെ ടാറിംഗ് പൂർത്തിയാക്കി ഈ ഭാഗത്ത് ആറുവരിപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങിയ ശേഷം തൊട്ടടുത്തുള്ള ഭൂഗർഭ അടിപ്പാതയുടെ സർവീസ് റോഡ് നിർമ്മാണം ആരംഭിക്കും. മേവറം, കടവൂർ ഫ്ലൈ ഓവറുകൾ പൂർത്തിയാക്കാൻ അടുത്ത ജൂൺ വരെ കരാർ കമ്പനിക്ക് സമയം നൽകിയിട്ടുണ്ട്.

ഒരുമാസത്തിനകം മൈലക്കാട് ഫ്ലൈ ഓവർ

 മൈലക്കാട് ഫ്ലൈ ഓവർ സെപ്തംബറിൽ പൂർത്തിയാക്കാനായിരുന്നു എൻ.എച്ച്.എ.ഐയുടെ നിർദേശം

 മഴ കാരണം നിർമ്മാണം നീണ്ടു

 അതിനിടെ ബലപരിശോധനയ്ക്കിടെ രണ്ട് ഗർഡറുകൾ തകർന്നു

 അവയ്ക്ക് പകരം മേവറം ഫ്ലൈ ഓവറിനായി കോൺക്രീറ്റ് ചെയ്ത രണ്ട് ഗർഡറുകൾ മൈലക്കാട് എത്തിച്ചു

 ഗർഡറുകൾ പൂർണമായും സ്ഥാപിച്ച് ക്യാരേജ് വേയുടെ കോൺക്രീറ്റിംഗ് തുടങ്ങി

 ഒരുമാസത്തിനകം മൈലക്കാട് ഫ്ലൈ ഓവർ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാർ കമ്പനി

രണ്ട് മാസത്തിനകം ടോളിന് സാദ്ധ്യത

എൻ.എച്ച്.എ.ഐയുടെ ചട്ടം പ്രകാരം നിർമ്മാണം 90 ശതമാനം പൂർത്തിയാകുമ്പോൾ ടോൾ പിരിവ് ആരംഭിക്കാം. നിലവിൽ 94 ശതമാനമായി. മൈലക്കാട് ഫ്ലൈ ഓവറിന്റെയും ഇത്തിക്കര അടിപ്പാതയുടെയും നിർമ്മാണം പൂർത്തിയാകുന്നതോടെ രണ്ട് മാസത്തിനകം ടോൾ പിരിവ് ആരംഭിച്ചേക്കും. പാരിപ്പള്ളി ശ്രീരാമപുരത്ത് ടോൾ പ്ലാസയുടെ നിർമ്മാണം മാസങ്ങൾക്ക് മുമ്പേ പൂർത്തിയായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL