ചവറ : അഷ്ടമുടിക്കായലിന്റെ മനോഹരമായ കാഴ്ചകളും പ്രകൃതിസമ്പത്തും കോർത്തിണക്കി വിനോദസഞ്ചാര മേഖലയിൽ പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി തേവലക്കര. കോയിവിള പള്ളിയോട് ചേർന്നുള്ള കായൽതീരത്താണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. പ്രകൃതിഭംഗി പ്രയോജനപ്പെടുത്തി നാടിന്റെ സമഗ്ര വികസനത്തിനും പ്രാദേശിക ജനങ്ങൾക്ക് പുതിയ ഉപജീവന മാർഗങ്ങൾ തുറക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവടുവെപ്പ്.
ഗ്രാമപഞ്ചായത്തിന്റെ ഇടപെടലും മന്ത്രിയുടെ ഉറപ്പും
തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുന്നോട്ടുവെച്ച ആശയവും തുടർ ഇടപെടലുകളുമാണ് പദ്ധതിക്ക് വഴിയൊരുക്കിയത്. ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദേശം ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, പദ്ധതി യാഥാർത്ഥ്യമാക്കാൻ അനുകൂല നിലപാടും തുടർനടപടികൾക്കുള്ള ഉറപ്പും ലഭിക്കുകയും ചെയ്തു. ഈ പ്രഖ്യാപനം പ്രദേശവാസികളിലും ഏറെ പ്രതീക്ഷയുണർത്തിയിട്ടുണ്ട്.
പ്രകൃതിസൗന്ദര്യവും ഉത്തരവാദിത്ത ടൂറിസവും
കായലും പച്ചപ്പും ഗ്രാമീണ ജീവിതത്തിന്റെ തനിമയും ഒത്തുചേരുന്ന പ്രദേശമാണ് കോയിവിള കായൽതീരം. കായൽക്കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യങ്ങൾ, സുരക്ഷിതമായ നടപ്പാതകൾ, വിശ്രമകേന്ദ്രങ്ങൾ, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര സംവിധാനങ്ങൾ എന്നിവയ്ക്ക് ഇവിടെ വലിയ സാദ്ധ്യതയാണുള്ളത്.
അതേസമയം, വികസനത്തിന്റെ പേരിൽ കായലിന്റെ സ്വാഭാവികതയും ജൈവവൈവിദ്ധ്യവും നഷ്ടപ്പെടരുതെന്നത് പ്രാധാനമാണ്. കായൽ മലിനീകരണം തടയുകയും തീരദേശ പരിസ്ഥിതിയെ പൂർണ്ണമായി സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഉത്തരവാദിത്ത ടൂറിസം ആസൂത്രണത്തിനാണ് മുൻഗണന നൽകുന്നത്.
പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ്
ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ ചെറുകിട സംരംഭങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, പരമ്പരാഗത ഭക്ഷണവിൽപ്പനശാലകൾ, അനുബന്ധ തൊഴിൽ മേഖലകൾ എന്നിവയ്ക്ക് പുതിയ ഉണർവുണ്ടാകും. സഞ്ചാരികളുടെ വരവ് വർദ്ധിക്കുന്നത് പ്രാദേശിക കച്ചവടക്കാർക്കും ഗുണകരമാകും. ആവശ്യമായ അനുമതികൾ നേടി സാമ്പത്തിക സ്രോതസും സമയക്രമവും നിശ്ചയിക്കുന്നതോടെ പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കും.
അഷ്ടമുടിക്കായൽ തീരത്തെ വിനോദസഞ്ചാര വികസന പദ്ധതി തേവലക്കരയുടെ വികസന ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം തുറക്കും. കായലിന്റെ പ്രകൃതിഭംഗി പ്രയോജനപ്പെടുത്തി പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. പദ്ധതി നടപ്പാകുന്നതോടെ പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ചെറുകിട സംരംഭങ്ങൾക്ക് വളർച്ച നേടാനും സാധിക്കും. തേവലക്കരയുടെ ടൂറിസം സാദ്ധ്യതകൾക്ക് ദേശീയതലത്തിൽ പോലും ശ്രദ്ധ നേടാൻ ഇതിലൂടെ കഴിയും. പരിസ്ഥിതി സംരക്ഷണത്തിന് പൂർണ്ണ പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക.
എസ്. അനിൽ (പ്രസിഡന്റ്, തേവലക്കര ഗ്രാമപഞ്ചായത്ത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |