കൊല്ലം: കരീപ്രയിൽ ക്ഷേത്രങ്ങളുടെ വഞ്ചികൾ പൊളിച്ച് പണം അപഹരിച്ചു. വാക്കനാട് പനങ്ങോട് മഹാദേവർ ക്ഷേത്രത്തിലും പ്ളാക്കോട് ധർമ്മ ശാസ്താ ക്ഷേത്രത്തിലുമാണ് മോഷണങ്ങൾ നടന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. രണ്ട് വഞ്ചികളും റോഡരികിലുള്ളതാണ്. കിഴക്കിടത്ത് ഭാഗത്ത് സ്ഥാപിച്ചിരുന്ന പ്ളാക്കോട് ക്ഷേത്രത്തിലെ വഞ്ചി കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ഇതിൽ നിന്ന് 3500 രൂപയിൽ കുറയാതെ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. പനങ്ങോട് ക്ഷേത്രത്തിന്റെ വായനശാല ജംഗ്ഷന് സമീപത്തെ പ്രവേശന കവാടത്തിന് സമീപത്തെ വഞ്ചിയാണ് പൊളിച്ചത്. നാലായിരം രൂപയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. രണ്ട് ക്ഷേത്രങ്ങളും തമ്മിൽ രണ്ടര കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. അധികം ദൂരത്തല്ലാതെ നെടുമ്പനയിലും ക്ഷേത്രങ്ങളിൽ മോഷണം നടന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |