കൊല്ലം: 'യാചകരില്ലാത്ത കൊല്ലം' എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന 'സ്മൈൽ- ബി' പദ്ധതി ഇന്ന് ജില്ലയിൽ ആരംഭിക്കും. തെരുവിൽ യാചിക്കാൻ നിർബന്ധിതരാകുന്നവരെ കണ്ടെത്തി, പരിചരണവും താമസവും ഉറപ്പാക്കി, സ്വയം തൊഴിൽ പരിശീലനത്തിലൂടെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ പൂർണ സാമ്പത്തിക പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ പ്രവർത്തന ഏകോപനം കൊല്ലം സബ് കളക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്.
യാചകരെ കണ്ടാൽ പൊതുജനങ്ങൾക്കോ സംഘടനകൾക്കോ അധികൃതരെ അറിയിക്കാം. വിവരം ലഭിച്ചാലുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി ഇവരെ ഏറ്റെടുക്കും. പദ്ധതിക്കായി വാഹനവും മറ്റ് സൗകര്യങ്ങളുമടക്കം ഉടനെ സജ്ജമാക്കും. തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ്, സന്നദ്ധ സംഘടനകൾ, പൊതുപ്രവർത്തകർ എന്നിവരുടെ പൂർണ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
സമുദ്രതീരം സ്മൈൽ- ബി പദ്ധതി കേന്ദ്രം
സ്മൈൽ- ബി പദ്ധതിയുടെ ജില്ലയിലെ കേന്ദ്രമായി ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തെയാണ് സർക്കാർ തിരഞ്ഞെടുത്തത്. പദ്ധതിക്കുവേണ്ടി സമുദ്രതീരത്ത് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നൂറുപേർക്ക് ഇവിടെ താമസിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. അവരുടെ മാനസിക, ശാരീരിക, ആരോഗ്യ പരിചരണത്തിനും തുടർന്ന് സ്വയം വരുമാനം കണ്ടെത്താനുള്ള തൊഴിൽ പരിശീലനങ്ങൾക്കുമാണ് ഇവിടെ സംവിധാനങ്ങളൊരുക്കുന്നത്.
ഉദ്ഘാടനം ഇന്ന്
യാചകരില്ലാത്ത കൊല്ലം എന്ന ലക്ഷ്യത്തോടെയുള്ള സ്മൈൽ- ബി പദ്ധതിയുടെ ഉദ്ഘാടനം കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ ഇന്ന് വൈകിട്ട് 3ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. ബി.ബി.ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുശീല ദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയൻ, ജില്ലാ പഞ്ചായത്തംഗം ആർ.ദിലീപ് കുമാർ, ബ്ളോക്ക് പഞ്ചായത്തംഗം ജി.ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സിന്ധു, സിറ്റി പൊലീസ് കമ്മീഷണർ അശ്വതി ജിജി, ഡി.എം.ഒ ഡോ.എ.എൽ.ഷീജ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ ടിജു റെയ്ച്ചൽ, സമുദ്രതീരം ചെയർമാൻ എം.റൂവൽസിംഗ് എന്നിവർ സംസാരിക്കും. സബ് കളക്ടർ ഡോ.എസ്.മോഹനപ്രിയ സ്വാഗതവും ജില്ലാ സാമൂഹിക നീതി ഓഫീസർ എ.കെ.ഹരികുമാർ നന്ദിയും പറയും.
യാചകരെ കാണുമ്പോൾ കാരുണ്യം തോന്നി പണം നൽകുന്നത് അവരുടെ യാചന സ്ഥിരപ്പെടുത്താനേ ഉപകരിക്കു. വിശപ്പിനും നിസഹായതയ്ക്കും മുന്നിൽ ഭിക്ഷ നൽകുകയെന്നതിലുപരി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയണം. അതിന് സ്മൈൽ-ബി പദ്ധതി ഉപകരിക്കും
ഡോ.എസ്.മോഹന പ്രിയ, സബ് കളക്ടർ, നോഡൽ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |