കൊല്ലം: രക്ഷിതാക്കൾക്ക് സ്വതന്ത്രരാകാൻ കുട്ടികളെ ചിൽഡ്രൻസ് ഹോമുകളിൽ തള്ളുന്ന പ്രവണത വളരുന്നു. പങ്കാളി ഉപേക്ഷിച്ച ഏക രക്ഷിതാക്കൾ ജോലിക്ക് പോകാനെന്ന പേരിൽ കുട്ടികളെ ചിൽഡ്രൻസ് ഹോമുകളിലാക്കാൻ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ നിരന്തരം സമീപിക്കുകയാണ്.
ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് വഴി കുട്ടികളുടെ വീടിന്റെ അന്തരീക്ഷം, സാമ്പത്തിക സ്ഥിതി അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച ശേഷമാണ് ചിൽഡ്രൻസ് ഹോമുകളിൽ പ്രവേശിപ്പിക്കാനുള്ള അപേക്ഷയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനമെടുക്കുന്നത്. അച്ഛനോ അമ്മയ്ക്കോ മറ്റ് ഉറ്റബന്ധുക്കൾക്കോ കുട്ടിയെ പരിപാലിക്കാനുള്ള സ്ഥിതിയുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ ചിൽഡ്രൻസ് ഹോം പ്രവേശനത്തിനുള്ള അപേക്ഷ തള്ളും.
ഇതോടെ രാഷ്ട്രീയക്കാർ മുഖേന കുട്ടികളെ തള്ളാൻ സമ്മർദ്ദം ചെലുത്തും. കുട്ടികളെ ചിൽഡ്രൻസ് ഹോമുകളിലാക്കി ജോലിക്ക് പോകുന്ന അമ്മമാർ പോലും മാസങ്ങളോളം തിരിഞ്ഞുനോക്കാറില്ല. ഓണം, ക്രിസ്മസ് തുടങ്ങിയ അവധിക്കാലങ്ങളിൽ ചിൽഡ്രൻസ് ഹോം അധികൃതർ നിർബന്ധിക്കുമ്പോൾ മാത്രമാണ് കൂട്ടിക്കൊണ്ടുപോകുന്നത്. അഞ്ച് വർഷം മുമ്പ് ജില്ലയിൽ 60 ചിൽഡ്രൻസ് ഹോമുകളുണ്ടായിരുന്നു. പരാതികൾ വ്യാപകമായതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി പലപ്പോഴായി അവയിൽ പലതും പൂട്ടിക്കുകയായിരുന്നു.
'ഉപേക്ഷിക്കുന്നത്' ഏകരക്ഷിതാക്കൾ
പരസ്പരം സംസാരിക്കാൻ അനുവദിക്കില്ല
പലയിടങ്ങളിലും പട്ടാളച്ചിട്ടയ്ക്ക് സമാനമായ അന്തരീക്ഷം
ഉത്സവങ്ങൾ അടക്കമുള്ള ആഘോഷങ്ങളില്ല
ഉറ്റവരുടെ സ്നേഹവും കുടുംബാന്തരീക്ഷവും അന്യമാകുന്നു
വ്യക്തിത്വ വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു
മാനസിക സമ്മർദ്ദവും വർദ്ധിക്കുന്നു
ജില്ലയിൽ ചിൽഡ്രൻസ് ഹോം
31 എണ്ണം
അഞ്ചുവർഷം മുമ്പ്
60 എണ്ണം
മറയാക്കി ഡിവിഷൻ സംരക്ഷണവും
ജില്ലയിൽ കൊല്ലം നഗരത്തിലുള്ള ആൺകുട്ടികളുടെ ചിൽഡ്രൻസ് ഹോം മാത്രമാണ് സർക്കാർ ഉടമസ്ഥതയിലുള്ളത്. കൊട്ടിയത്ത് സർക്കാർ സഹായത്തോടെ പെൺകുട്ടികൾക്കായുള്ള കേന്ദ്രവും പ്രവർത്തിക്കുന്നു. ബാക്കിയുള്ളവ സ്വകാര്യ സ്ഥാപനങ്ങളാണ്. അവയിൽ പലതിന്റെയും മാനേജ്മെന്റുകൾക്ക് എയ്ഡഡ് സ്കൂളുണ്ട്. ഇത്തരം ചില സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം നിലനിറുത്താനായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രക്ഷിതാക്കളെ സ്വാധീനിച്ച് കുട്ടികളെ ചിൽഡ്രൻസ് ഹോമുകളിലാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്.
ചിൽഡ്രൻസ് ഹോമുകളിലെ ഒറ്റപ്പെട്ട ജീവിതം കുട്ടികളുടെ മാനസികവും വ്യക്തിത്വപരവുമായ വളർച്ചയെ ബാധിക്കും.
സാമൂഹ്യ പ്രവർത്തകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |