കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഓച്ചിറ സ്വദേശിയായ മതാദ്ധ്യാപകൻ മുഹമ്മദ് നിയാസ് ജൗഹരി, ഇരയോട് പീഡന വിവരം പുറത്തുപറയരുതെന്ന് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു.
'ഞാൻ ഈ വിഷയം വിട്ടു. മോൾ വെറുതെ ആരോടും പറയാൻ നിൽക്കേണ്ട. മരണം വരെ ആരും അറിയാതിരുന്നാൽ മതി'' എന്നായിരുന്നു മുഹമ്മദ് ജൗഹരിയുടെ ശബ്ദസന്ദേശം. ഉമ്മയും ബാപ്പയും ചോദിച്ചാൽ താൻ വല്ലതും പറഞ്ഞുപോകുമെന്ന് പെൺകുട്ടി പറയുന്ന ശബ്ദസന്ദേശവും പുറത്ത് വന്നിട്ടുണ്ട്. ഈ ശബ്ദസന്ദേശങ്ങളടങ്ങിയ മുഹമ്മദ് നിയാസ് ജൗഹരിയുടെ മൊബൈൽ ഫോൺ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പ്രതി കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്.
പിതാവിന്റെ അമ്മയുടെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് മുഹമ്മദ് നിയാസ് ജൗഹരി പതിനാറുകാരിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചത്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോഴും പ്രതി കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ബോധവത്കരണ വീഡിയോകൾ പോസ്റ്റ് ചെയ്യുമായിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടി വിവരം സുഹൃത്തുക്കളോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസ് മുഹമ്മദ് നിയാസ് ജൗഹരിയെ അറസ്റ്റ് ചെയ്തത്. പോക്സോ, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്ത പ്രതിയെ ചോദ്യം ചെയ്യാനായി വൈകാതെ കസ്റ്റഡിയിൽ വാങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |